ജില്ലയിലെ കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളിൽ ക്രമക്കേട് കണ്ടെത്തി

Share to


Perinthalmanna Radio
Date: 18-01-2026

പെരിന്തൽമണ്ണ: ‘ഓപ്പറേഷൻ ഷോർട് സർക്കീറ്റ്’ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തി. മലപ്പുറം ജില്ലയിലും വിവിധ ഓഫിസുകളിൽ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.

മഞ്ചേരി സെക്‌ഷൻ ഓഫിസിലെ താൽക്കാലിക ജീവനക്കാരനായ ഉദ്യോഗസ്ഥൻ ഒരു സബ് എൻജിനീയർക്ക് ഗൂഗിൾ പേ മുഖേന 70,500 രൂപ അയച്ചു നൽകിയത് കണ്ടെത്തി. പെരിന്തൽമണ്ണ സെക്‌ഷൻ ഓഫിസിൽ ടച്ചിങ് വെട്ട് ജോലികളുടെ വിവിധ കരാറുകൾക്ക് ഒരു കരാറുകാരൻ തന്നെ ബെനാമി പേരുകളിൽ ക്വട്ടേഷൻ സമർപ്പിച്ചു. മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, കൊണ്ടോട്ടി സെക്‌ഷൻ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ പക്കൽനിന്നായി കണക്കിൽപ്പെടാത്ത 34,000 രൂപ പിടിച്ചെടുത്തു.

സംസ്ഥാനത്തെ 70 ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസുകളിലായി 5 വർഷത്തിനിടയിലെ കരാറുകളാണ് പരിശോധിച്ചത്. ഭൂരിഭാഗം ഓഫിസുകളിലും കരാർ ജോലികളുടെ ഫയൽ കൃത്യമായി പരിപാലിക്കുന്നില്ല. സ്ക്രാപ് റജിസ്റ്റർ, ലോഗ് ബുക്ക്, വർക്ക് റജിസ്റ്റർ തുടങ്ങിയവ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ല. മിക്ക ഓഫിസിലും ജോലി പൂർത്തിയായശേഷം സ്ക്രാപ് മെറ്റീരിയലുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ല.

ഉദ്യോഗസ്ഥർ കരാറുകാരിൽനിന്ന് കമ്മിഷൻ ഇനത്തിൽ കൈക്കൂലി വാങ്ങുകയും കരാർ ജോലിയുടെ ടെൻഡർ നടപടികളിലും നടത്തിപ്പിലും ക്രമക്കേടും അഴിമതിയും നടത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ക്രമക്കേടിന് കൂട്ടുനിൽക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും തുടർപരിശോധനയിൽ അഴിമതിക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കരാറുകാരുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരം ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *