
Perinthalmanna Radio
Date: 18-01-2026
കീഴാറ്റൂർ : പട്ടിക്കാട് – വടപുറം സംസ്ഥാന പാതയിൽ പട്ടിക്കാട് റെയിൽവേ ഗേറ്റ് മുതൽ ഒറവംപുറം വരെ റോഡിന്റെ വീതി രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കഷ്ടിച്ചു കടന്നു പോകാവുന്നത്ര മാത്രം. റോഡിന്റെ ഇരുവശവും താഴ്ന്ന നിലയിലാണ്. റോഡിന്റെ രണ്ട് അരികിലും വണ്ണമുള്ള വരയുണ്ട്. ഇതിനപ്പുറത്തേക്ക് വാഹനം തെന്നി നീങ്ങിയാൽ അപകടം സുനിശ്ചിതം. പറമ്പൂർ ഭാഗത്ത് റോഡിന്റെ കിഴക്കുവശം ഒരാൾ താഴ്ചയുള്ള റബർ തോട്ടമാണ്. ഇവിടെ ഒരു ഓട്ടോറിക്ഷ തലകീഴായി വീണു. അധികം വൈകാതെ ഒരു കാറും താഴേക്ക് മറിഞ്ഞു. ഒരാഴ്ച മുൻപ് ലോറിയുമായി കൂട്ടിമുട്ടി ഓട്ടോ താഴേക്ക് തലകീഴായി മറിഞ്ഞു. പറമ്പൂരിൽ തന്നെ ഈ സ്ഥലത്തു നിന്ന് വടക്കുമാറി എതിരെ വന്ന വാഹനത്തിന് അരികു കൊടുക്കുന്നതിനിടെ കാർ വശത്തേക്ക് മറിഞ്ഞു. കൊണ്ടിപറമ്പ്, അരിക്കണ്ടംപാക്ക് എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങൾ ഏറെയാണ്. തച്ചിങ്ങനാടം ബാങ്ക് പടിയിൽ കുറഞ്ഞ കാലയളവിൽ വാഹനാപകടങ്ങളിൽ മരിച്ചത് രണ്ടു പേരാണ്. റോഡിന്റെ വീതി കൂട്ടി യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ കീഴാറ്റൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നാട്ടുകാരുടെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. കെ.അബൂസാലി ആധ്യക്ഷ്യം വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
