
Perinthalmanna Radio
Date: 18-02-2026
ബാറുകളുടെ പ്രവർത്തനസമയം രണ്ടുമണിക്കൂർകൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ 884 ബാറുകൾക്കും രാവിലെ 10 മുതൽ രാത്രി 12 വരെ മദ്യം വിളമ്പാം. ബിയർ-വൈൻ പാർലറുകൾക്കും 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. അതേസമയം, ക്ലബ്ബുകൾക്ക് ഇളവില്ല. പഞ്ചനക്ഷത്രബാറുകളിൽ പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതി നൽകി.
വർഷം അഞ്ചുലക്ഷം രൂപ അടയ്ക്കുന്നവർക്ക് ഇതിന് പ്രത്യേകാനുമതി ലഭിക്കും. എന്നാൽ, അടുത്തദിവസം ഡ്രൈഡേ ആണെങ്കിൽ ഈ സൗകര്യം ഉപയോഗിക്കാനാകില്ല. ബാറുകളുടെ സമയം ഏകീകരിക്കുന്നു എന്നപേരിലാണ് ബാറുടമകളുടെ ഏറെക്കാലമായുള്ള ആവശ്യം സർക്കാർ അംഗീകരിച്ച് നടപ്പാക്കുന്നത്.
നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ ബാറുടമകളെ കൈയയച്ച് സഹായിക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാനം ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കാനെന്നപേരിൽ. വിനോദസഞ്ചാരമേഖലകളുടെ എണ്ണം 14-ൽനിന്ന് 98 ആയി ഉയർത്തിയ 2025 ജനുവരിയിലെ സർക്കാർ ഉത്തരവാണ് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ടുതട്ടിലാക്കിയത്.
രാവിലെ 10 മുതൽ രാത്രി 12 വരെ മദ്യം വിളമ്പാനുള്ള അനുമതിയാണ് വിനോദസഞ്ചാരമേഖലയിലെ ബാറുകൾക്കുണ്ടായിരുന്നത്. ഇവയുടെ എണ്ണം കൂട്ടിയത് ബാറുകൾക്ക് ഇളവുനൽകാൻ വേണ്ടിയാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. ടൂറിസം കേന്ദ്രങ്ങളിലെ ബാറുകൾക്ക് കൂടുതൽ കച്ചവടം ലഭിക്കുന്നുവെന്ന പരാതിയുമായി മറ്റുബാറുടമകൾ രംഗത്തുവന്നു.
ചില സ്ഥലങ്ങളിൽ റോഡിന് ഇരുപുറത്തുമായി വിനോദസഞ്ചാരമേഖല തിരിയുന്നുണ്ട്. റോഡിന് ഒരുവശത്തെ ബാറുകൾ 11-ന് അടയ്ക്കുമ്പോൾ എതിർവശത്തുള്ളവ രാത്രി 12 മണിവരെ തുറന്നിരിക്കുന്നതിലെ അനൗചിത്യവും ബാറുടമകൾ ചൂണ്ടിക്കാട്ടി. ചില സ്ഥലങ്ങളിൽ മദ്യപിക്കാനെത്തുന്നവരും ബാർ ജീവനക്കാരും തമ്മിലുള്ള തർക്കത്തിന് ഇത് വഴിവെക്കുന്നതായി എക്‌സൈസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ 2025, 2026 പുതുവർഷദിനങ്ങളിൽ ബാറുകൾക്ക് 12 മണിവരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. 2025-ൽ ഉത്തരവായി ഇറങ്ങിയപ്പോൾ ഈ വർഷം മൗനാനുവാദമാണ് നൽകിയത്. ഇതിന്റെ തുടർച്ചയാണ് ബാറുകളുടെ പ്രവർത്തനസമയം രണ്ടുമണിക്കൂർ കൂടി നീട്ടിക്കൊണ്ടുള്ള ഇപ്പോഴത്തെ നടപടി.
2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 131 ബാറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
