Wednesday, February 18

ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ ഹിയറിംഗ് ഇംപ്ലാന്റ് മെഷീൻ കണ്ടെടുത്തു നൽകി

Share to


Perinthalmanna Radio
Date: 18-02-2026

പെരിന്തൽമണ്ണ: ട്രെയിനിൽ നിന്ന് തെറിച്ചു വീണ 5 ലക്ഷം രൂപയുടെ ഹിയറിംഗ് ഇംപ്ലാന്റ് മെഷീൻ വീണ്ടെടുത്ത് നൽകി ട്രെയിൻ ടൈം കൂട്ടായ്മ പ്രവർത്തകർ. കാപ്പ് സ്വദേശി കുന്നത്ത് മറ്റം ടിജിന്റെ കുട്ടിയുടെ ഹിയറിംഗ് ഇംപ്ലാന്റ് മെഷീനാണ് യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് തെറിച്ച് പുറത്തേക്കുവീണത്. രാവിലെത്തെ പാലക്കാട്- നിലമ്പൂർ ട്രെയിനിൽ പട്ടിക്കാടിനും മേലാറ്റൂരിനും ഇടയ്ക്കാണ് സംഭവം നടന്നത്.

ഉടൻ തന്നെ ചില യാത്രക്കാർ റെയിൽവേ യാത്രക്കാരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മയുടെ ചീഫ് കോഓർഡിനേറ്റർ സലീം ചുക്കത്തിനെ വിവരം അറിയിച്ചു. അദ്ദേഹം ട്രെയിൻ ടൈം കൂട്ടായ്മയിലെ ആയിരക്കണക്കിന് പ്രവർത്തകർക്ക് നിമിഷങ്ങൾക്കകം വിവരം കൈമാറി. മെഷീനിൽ കാന്തം അടങ്ങിയിട്ടുള്ളതിനാൽ ട്രെയിനിന് അടിവശത്ത് പറ്റിപ്പിടിച്ചിട്ടുണ്ടോ എന്നറിയാൻ ഈ ട്രെയിനിലും തുടർന്ന് വന്ന ട്രെയിനുകളിലും അടിവശത്തും, വീണുപോയതായി പറഞ്ഞ പ്രദേശത്തും ഉൾപ്പെടെ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിൽപെട്ടവരും മറ്റ് ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല.

വൈകിട്ട് കൂട്ടായ്മയിലെ കീഴാറ്റൂർ സ്വദേശികളായ പോസ്റ്റ്മാൻ രാഹുൽ കേളപ്പൻതൊടി, അൽശിഫ ആശുപത്രി ജീവനക്കാരൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ, തെറിച്ചുവീണതായി പറഞ്ഞ ഭാഗത്ത് റെയിൽവേ ട്രാക്കിലും പരിസരങ്ങളിലും വിശദമായ തിരച്ചിൽ നടത്തി. തുടർന്നാണ് ചെമ്മാണിയോട് ട്രാക്കിന്റെ ഭാഗത്തു നിന്ന് ഹിയറിംഗ് ഇംപ്ലാന്റ് മെഷീൻ കണ്ടെത്തിയത്. പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് സലീം ചുക്കത്തിന്റെ നേതൃത്വത്തിൽ രാഹുലും ഉണ്ണിക്കൃഷ്ണനും ചേർന്ന് മെഷീൻ ടിജിന് കൈമാറി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *