
Perinthalmanna Radio
Date: 18-03-2025
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇത്തവണയും കുറഞ്ഞേക്കില്ല. എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി മാത്രമാണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന സർവീസിന്റെ ടെൻഡർ നടപടികളിൽ പങ്കെടുത്തിട്ടുള്ളത്. അതിനാൽ ഇവർ നൽകിയ കുത്തക നിരക്കിൽ തന്നെയാണ് ഇത്തവണയും സർവീസ് നടത്തുക. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നയപരമായ ഇടപെടൽ വേണമെന്ന് തീർത്ഥാടകർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ രീതിയിൽ യാതൊരുവിധ ഇടപെടലും ഉണ്ടായില്ല. സംസ്ഥാനത്തെ മറ്റ് രണ്ടു പുറപ്പെടൽ കേന്ദ്രങ്ങളായ കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരെക്കാളും 40,000 ത്തോളം രൂപ യാത്രാഇനത്തിൽ കരിപ്പൂരിനെ തിരഞ്ഞെടുത്തവർ നൽകേണ്ടതായി വരുന്നുണ്ട്. കരിപ്പൂരിൽ ചെറിയ വിമാനം സർവീസ് നടത്തുന്നതിനാലാണ് യാത്രാ നിരക്ക് കൂടുന്നതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി പറയുന്നത്. ഇത്തവണ കണ്ണൂരിലും എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ് സർവീസ് നടത്തുന്നത്. ഇവിടെയും ഇതേ ശ്രേണിയിലുള്ള വിമാനമാണ് സർവീസ് നടത്തുക.
നിരക്ക് കുറക്കാൻ ഇടപെടാനാകില്ലെന്നും തീരുമാനമെടുക്കാൻ പൂർണാധികാരം വിമാനക്കമ്പനിക്കാണെന്നുമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അവസാനമായി അറിയിച്ചത്.
516 പേർക്ക് കണ്ണൂർ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇതിൽ 3000ത്തോളം അപേക്ഷകൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാവും പുറപ്പെടൽ കേന്ദ്രം മാറ്റുന്നവരെ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ പോയാൽ കരിപ്പൂർ വിമാനത്താവളം അപ്രസക്തമാവുമോയെന്ന ആശങ്കയുയരുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
