
Perinthalmanna Radio
Date: 18-04-2024
ഒന്നരമാസത്തോളം നീണ്ടു നിൽക്കുന്ന ജനാധിപത്യത്തിന്റെ മഹോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 102 ലോക്സഭാ സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ ജനവിധി. 102 മണ്ഡലങ്ങളിലായി ആകെ 1625 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രിൽ 19ന് തന്നെ അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിലെ ആകെയുള്ള 39 ലോക്സഭാ സീറ്റുകളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഇതിനൊപ്പം കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയും വെള്ളിയാഴ്ച വിധിയെഴുതും. ഡിഎംകെ നയിക്കുന്ന ഇൻഡി മുന്നണിയും എഐഎഡിഎംകെ മുന്നണിയും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിൽ ഇത്തവണ ത്രികോണ മത്സരമാണ് തമിഴകത്ത് അരങ്ങേറുന്നത്.
തമിഴ്നാട് കഴിഞ്ഞാൽ ഒന്നാംഘട്ടത്തിൽ ഏറ്റവും അധികം സീറ്റുകളിൽ തെരഞ്ഞെടുപ്പ് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ 12 സീറ്റുകളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. നിർണായക സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെയും ബംഗാളിലെയും എട്ട് ലോക്സഭാ മണ്ഡലങ്ങളിൽ വീതം ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിലെ 6 സീറ്റുകളും മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിലെ 5 സീറ്റുകളും പോളിംഗ് ബൂത്തിലേക്ക് പോകും.
ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിഹാറിലെ 4 മണ്ഡലങ്ങളിലെയും മണിപ്പൂർ, അരുണാചൽ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെയും വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും. മണിപ്പൂർ, അരുണാചൽ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ 2 ലോക്സഭാ സീറ്റുകൾ വീതമാണുള്ളത്. ഈ സീറ്റുകളിലേക്കെല്ലാം ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
ഇതിനൊപ്പം ഛത്തീസ്ഗഢ്, മിസോറം, നാഗാലൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഓരോ ലോക്സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലെ ഉദ്ദംപൂരിലേക്കും ലക്ഷദ്വീപിലെയും ആൻഡമാൻ നിക്കോബാറിലേയും ആകെയുള്ള ഓരോ സീറ്റുകളിലേക്കും ഏപ്രിൽ 19ന് വിധിയെഴുത്ത് ഉണ്ടാകും.
ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിൽ പല പ്രമുഖരും ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്ര ഗതാഗത മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്ന് വീണ്ടും മത്സരിക്കുമ്പോൾ, തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയാണ്. ജിതിൻ പ്രസാദ, തമിഴിസൈ സൗന്ദരരാജൻ, കാർത്തി ചിദംബരം, ദയാനിധി മാരൻ തുടങ്ങിയവരാണ് ഒന്നാംഘട്ട വോട്ടെടുപ്പിൽ പോർക്കളത്തിലുള്ള മറ്റു പ്രമുഖ സ്ഥാനാർത്ഥികൾ.
ആദ്യഘട്ട വോട്ടെടുപ്പിലെ ട്രെൻഡ് നിർണായകമായതിനാൽ 102 മണ്ഡലങ്ങളിലേക്ക് വമ്പൻ പ്രചാരണമാണ് എൻഡിഎയും ഇൻഡി മുന്നണിയും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം തന്നെയായിരുന്നു എൻഡിഎയുടെ പ്രചാരണത്തിന്റെ ഹൈലൈറ്റ്. ഇൻഡി മുന്നണിക്കായി രാഹുൽ ഗാന്ധി പല സംസ്ഥാനങ്ങളിലും പ്രചാരണത്തിനിറങ്ങി. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
