തൂതയിൽ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു

Share to

Perinthalmanna Radio
Date: 18-05-2025

തൂത: മലപ്പുറം, പാലക്കാട് ജില്ലാ അതിർത്തിയിൽ പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ തൂതപ്പുഴയിൽ നിലവിലെ തൂതപ്പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ആറു തൂണുകളിലാണ് പാലം നിർമിക്കുന്നത്. നാലു തൂണുകളുടെ പണി പൂർത്തിയായി. മലപ്പുറം തീരത്തുള്ള രണ്ടു തൂണുകളുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്.

കാഠിന്യമുള്ള പാറകളുടെ പ്രതലം യന്ത്രസഹായത്തോടെ നിരപ്പാക്കിയതിനുശേഷം പാറകളിൽ ദ്വാരമുണ്ടാക്കി കമ്പികൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാണ് തൂണുകൾ നിർമിക്കുന്നത്. തൂണുകൾ കൂറ്റൻ ഗർഡറുകൾകൊണ്ട് പരസ്‌പരം ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. ആറു ഗർഡറുകളുടെ നിർമാണം പൂർത്തിയായി. പാലത്തിന് 10 മീറ്റർ വീതിയും 100 മീറ്ററിലധികം നീളവുമുണ്ടാകും.

രണ്ടുവശങ്ങളിലും ഒരുമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഇടയ്ക്കുണ്ടാകുന്ന വേനൽമഴ പാലം നിർമാണത്തെ ബാധിക്കുന്നുണ്ട്. പുഴയിലേക്ക് നിർമാണയന്ത്രങ്ങളും വാഹനങ്ങളും ഇറക്കാനും പുഴവെള്ളം കെട്ടിനിർത്തി വലിയ പൈപ്പുകളിലൂടെ ഒഴുക്കിവിടാനുംവേണ്ടി ഉണ്ടാക്കിയ താത്കാലിക റോഡിന്റെ ഏതാനും ഭാഗങ്ങൾ മഴവെള്ളത്തിൽ ഒലിച്ചുപോയിരുന്നു. ഇത് പൂർവസ്ഥിതിയിലാക്കിയാണ് നിർമാണം പുനരാരംഭിച്ചത്.

തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയാക്കി നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പാലം നിർമിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1935-ൽ പാലാട്ട് കമ്പനി നിർമിച്ച നിലവിലെ പാലം ബലക്ഷയം നേരിടുകയാണ്. കൂടാതെ വലിയ വാഹനത്തിന് എതിരേവരുന്ന മറ്റൊരു വലിയ വാഹനത്തിന് വശംകൊടുക്കാൻ കഷ്ടിച്ചാണ് വീതിയുള്ളത്. വീതികുറവായ പാലം ഇപ്പോൾ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.

തൂത മുതൽ മുണ്ടൂർ വരെ നാലുവരിയായി നവീകരിച്ച പാത പ്രയോജനപ്പെടണമെങ്കിൽ വീതികൂടിയ പാലം വേണമെന്നതു കൊണ്ടാണ് പുതിയ പാലം നിർമിക്കുന്നത്.

പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായതിനുശേഷം നിലവിലെ പഴയ പാലം പൊളിച്ചുനീക്കും. റോഡിന്റെ അതേ വീതിയിൽ പുതിയ പാലം നിർമിക്കുന്നതോടെ നാലുവരിപ്പാതയുടെ അതേ വീതിയിൽ പാലത്തിലും ഗതാഗതസൗകര്യമാകും. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 364 കോടി രൂപ ചെലവിലാണ് സ്വപ്‌നപദ്ധതിയായ തൂത-മുണ്ടൂർ റോഡ് നവീകരണം നടപ്പാക്കുന്നത്. പദ്ധതിയുടെ അവസാനഘട്ടത്തിലാണ് തൂതപ്പാലവും ചെർപ്പുളശ്ശേരി കാക്കത്തോട് പാലവും നിർമിക്കുന്നത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *