അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിനിടെ ബൈക്ക് യാത്രക്കാരനെ തെരുവുനായ കടിച്ചു

Share to


Perinthalmanna Radio
Date: 18-06-2025

പെരിന്തൽമണ്ണ:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിനു സമീപം ബൈക്ക് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മത്സ്യവ്യാപാരിയായ അങ്ങാടിപ്പുറം സ്വദേശിക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. യുവാവ് കടയിലേക്കുള്ള മത്സ്യവുമായി ബൈക്കിൽ വരുമ്പോൾ ആണു സംഭവം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് എത്തി മേൽപാലം ഇറങ്ങിയശേഷം അങ്ങാ‌ടിപ്പുറം ഭാഗത്ത് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വാഹനക്കുരുക്കിൽ പതുക്കെ നീങ്ങുന്നതിനിടെയാണ് പിറകെയെത്തിയ തെരുവുനായ കാലിൽ കടിച്ചത്. ബൈക്ക് ഓരം ചേർന്ന് നിർത്തിയപ്പോഴേക്കും നായ ഓടിപ്പോയി. കാലിന്റെ മുട്ടിനു താഴെ കടിയേറ്റ യുവാവ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തി ചികിത്സ തേടി.

പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽ നാട്ടുകൽ 55–ാം മൈൽ സ്വദേശിക്കും ഇന്നലെ രാവിലെ നായയുടെ കടിയേറ്റിട്ടുണ്ട്. ഇയാളും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരെയും ആക്രമിച്ചത് ഒരേ നായ തന്നെയാണെന്നാണു കരുതുന്നത്. പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും തെരുവുനായ ശല്യം വീണ്ടും രൂക്ഷമാവുകയാണ്. മാസങ്ങൾക്കു മുൻപ് പുത്തനങ്ങാടിയിൽ കൈക്കുഞ്ഞ് അടക്കമുള്ള ഒട്ടേറെപ്പേർക്ക് നായയുടെ കടിയേറ്റിരുന്നു, തിരൂർക്കാട്ട് മാസങ്ങൾക്കു മുൻപ് തൊഴിലുറപ്പ് തൊഴിലാളികളെ അടക്കം നായ കടിച്ചിരുന്നു.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *