
Perinthalmanna Radio
Date: 18-06-2025
പെട്രോൾ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
പമ്പുകളിൽ പൊതുടോയ്ലറ്റ് ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷൻ മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചിരുന്നു.
പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീർഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും
സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ഹർജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷൻ പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിർദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്കായി തങ്ങളുടെ സ്ഥാപനങ്ങളിൽ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ നിർബന്ധിക്കപ്പെടുന്നു എന്ന് ഹർജിക്കാർ വാദിച്ചു. ശുചിമുറികൾ പൊതു ശുചിമുറികളാണ് എന്ന ധാരണ നൽകുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളിൽ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റിദ്ധാരണകൾ കാരണം ധാരാളം ആളുകൾ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോൾ പമ്പുകളുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുത്തുന്നു. ഉയർന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോൾ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തർക്കങ്ങൾക്കും വഴക്കുകൾക്കും കാരണമായിട്ടുണ്ട്. യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോൾ പമ്പുകളിൽ എത്തുന്നുവെന്നും ഹർജിക്കാർ വാദിച്ചു.
————————–