
Perinthalmanna Radio
Date: 18-08-2025
പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ പാതയിൽ ഇന്നു മുതൽ മൂന്നിടങ്ങളിൽ കൂടി പുതിയ സ്റ്റോപ്പുകൾ അനുവദിച്ച കോട്ടയം- നിലമ്പൂർ എക്സ്പ്രസ്സിന് പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതുതായി സ്റ്റോപ് അനുവദിച്ചത്.
രാവിലെ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.10ന് ഷൊർണൂരും 10.23ന് കുലുക്കല്ലൂരും 10.43ന് അങ്ങാടിപ്പുറത്തും 10.49ന് പട്ടിക്കാട്ടും 10.57ന് മേലാറ്റൂരിലും 11.9ന് വാണിയമ്പലത്തും 11.30ന് നിലമ്പൂരിലും എത്തും. ഒരു മിനിറ്റ് വീതമാണ് ഈ 3 സ്റ്റേഷനുകളിലും നിർത്തുക. വൈകിട്ട് 3.15ന് നിലമ്പൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ 3.29ന് വാണിയമ്പലത്തും 3.42ന് മേലാറ്റൂരിലും 3.50ന് പട്ടിക്കാട്ടും 3.57ന് അങ്ങാടിപ്പുറവും 4.13ന് കുലുക്കല്ലൂരിലും എത്തും.
കോവിഡ് കാലത്തിനു മുൻപ് കോട്ടയം എക്സ്പ്രസ് ട്രെയിനിന് പാതയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടായിരുന്നതാണ്. പാതയിലെ മിക്ക സ്റ്റേഷനുകളിൽനിന്നും നൂറുകണക്കിന് യാത്രക്കാർ കോട്ടയം എക്സ്പ്രസ് ട്രെയിനിനായി ഉണ്ട്. ഇവരിൽ പലരും സ്ഥിരം യാത്രക്കാരാണ്. കോവിഡ് കാലത്ത് നിർത്തിവച്ച ട്രെയിനുകൾ പിന്നീട് പുനരാരംഭിച്ചപ്പോൾ എല്ലാ ട്രെയിനുകളും പഴയപടിയായപ്പോഴും കോട്ടയം ട്രെയിനിന്റെ സ്റ്റോപ്പുകൾ മാത്രം പുനഃസ്ഥാപിച്ചിരുന്നില്ല. പാതയിൽ നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമായിരുന്നു സ്റ്റോപ്. മറ്റു സ്റ്റേഷനുകളിലെ യാത്രക്കാർ അവിടെനിന്ന് ട്രെയിൻ മാർഗമോ മറ്റു വാഹനങ്ങളിലോ ഏറെ പ്രയാസപ്പെട്ട് ഇവിടെ എത്തി കാത്തിരിക്കുകയായിരുന്നു.
എറണാകുളം –ഷൊർണൂർ മെമു അടുത്ത ആഴ്ചയോടെ നിലമ്പൂരിലേക്ക് നീട്ടി സർവീസ് തുടങ്ങും. രാത്രിയിൽ 8.35ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിലെത്തുന്ന രീതിയിലും പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് ഷൊർണൂരിൽ എത്തുന്ന വിധത്തിലുമാണ് നിലവിൽ ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കുറെക്കൂടി യാത്രക്കാർക്ക് ദീർഘദൂര കണക്ഷൻ ട്രെയിനുകൾ ലഭിക്കത്തക്കവിധം സമയം പിന്നീട് പുനഃക്രമീകരിക്കാൻ സാധ്യതയുണ്ടെന്നാണ് അറിവ്. കഴിഞ്ഞ ദിവസം നിലമ്പൂർ–കോട്ടയം എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആക്കി വർധിപ്പിച്ചിരുന്നു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
