വൈദ്യുതി ബില്‍ മാസംതോറും നല്‍കാൻ ആലോചിച്ച്‌ കെഎസ്‌ഇബി

Share to

Perinthalmanna Radio
Date: 18-09-2024

ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവർക്ക് അവർ സ്വയംനടത്തുന്ന മീറ്റർ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ് മീറ്റർ റീഡിങ്) മാസംതോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്.

ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കല്‍ മീറ്റർ റീഡർ വീടുകളിലെത്തിയാണ് വൈദ്യുതിബില്‍ നല്‍കുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിർണയിക്കുന്നത്. ഇങ്ങനെ രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നതിനാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പരാതി.

ദ്വൈമാസ ബില്ലിങ്ങിനെതിരേ വ്യാപകപ്രചാരണവും നടക്കുന്നുണ്ട്. വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റി അടുത്തിടെ കെ.എസ്.ഇ.ബി. നടത്തിയ തെളിവെടുപ്പുകളില്‍ മാസംതോറും ബില്‍ നല്‍കണമെന്ന ആവശ്യം ഉയർന്നിരുന്നു. ബില്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷൻ വിശദീകരിച്ചിരുന്നു. എന്നാല്‍, തെളിവെടുപ്പുകളില്‍ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തില്‍ തൃപ്തരല്ല.

ഇതേത്തുടർന്നാണ് ആവശ്യപ്പെടുന്നവർക്ക് മാസംതോറും ബില്‍ നല്‍കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ കമ്മിഷൻ ബോർഡിന് നിർദേശം നല്‍കിയത്. മാസംതോറും ബില്‍ നല്‍കുന്നതില്‍ അപാകമില്ലെന്നാണ് കമ്മിഷൻ നിരീക്ഷിച്ചത്.

കോവിഡ് കാലത്ത് വീടുകളില്‍ മീറ്റർ റീഡിങ് തടസ്സപ്പെട്ടപ്പോള്‍ ഉപയോക്താക്കള്‍ സെല്‍ഫ് മീറ്റർ റീഡിങ് നടത്തി അറിയിക്കാൻ കെ.എസ്.ഇ.ബി. ആപ്പ് വികസിപ്പിച്ചിരുന്നു. ഇതേ മാതൃക സ്വീകരിക്കാനാകുമോ എന്നാണ് കമ്മിഷൻ ആരാഞ്ഞത്. പതിവുപോലെ കെ.എസ്.ഇ.ബി. രണ്ടുമാസത്തിലൊരിക്കല്‍ വീടുകളില്‍ മീറ്റർ റീഡിങ് നടത്തും.

ഇടയ്ക്കുള്ള മാസത്തെ റീഡിങ് ഉപയോക്താവ് സ്വയം മീറ്റർ പരിശോധിച്ച്‌ കെ.എസ്.ഇ.ബി.യെ അറിയിക്കണം. അതിനുള്ള ബില്‍ കെ.എസ്.ഇ.ബി. അയയ്ക്കും. അടുത്തമാസം മീറ്റർ റീഡർ വീട്ടിലെത്തി പരിശോധിക്കുമ്ബോള്‍ മുൻമാസത്തെ ഉപയോഗത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അത് ക്രമീകരിക്കും. എല്ലാമാസവും വീടുകളിലെത്തി മീറ്റർ റീഡിങ് നടത്തുന്നത് പ്രയോഗികമല്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതിനാലാണ് സെല്‍ഫ് റീഡിങ് സാധ്യമാണോ എന്ന് പരിശോധിക്കാൻ കമ്മിഷൻ നിർദേശിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *