അങ്ങാടിപ്പുറം ജംക്‌ഷനിലെ കുരുക്ക്; ബദൽ റോഡ് നിർമാണം തുടങ്ങി

Share to


Perinthalmanna Radio
Date: 18-09-2025

അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയും സംസ്ഥാന പാതയുടെ ഭാഗമായ വളാഞ്ചേരി- അങ്ങാടിപ്പുറം, കോട്ടയ്ക്കൽ- അങ്ങാടിപ്പുറം റോഡുകളും സന്ധിക്കുന്ന അങ്ങാടിപ്പുറം തളി ക്ഷേത്ര ജംക്‌ഷനിലെ രൂക്ഷമായ വാഹന കുരുക്ക് ഒഴിവാക്കാൻ ബദൽ റോഡിന്റെ റബറൈസിങ് തുടങ്ങി. ജംക്‌ഷനിൽ വാഹനങ്ങൾ വലത്തോട്ട് തിരിയുന്നത് മൂലമുള്ള വാഹന കുരുക്ക് ഒഴിവാക്കാൻ ദേശീയപാതയിൽ ഓരാടംപാലത്ത് നിന്ന് തന്നെ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനാണ് പദ്ധതി. അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിയും മഞ്ഞളാംകുഴി അലി എംഎൽഎ യും കൈ കോർത്ത് കൊണ്ടാണ് ബദൽ റോഡ് നിർമാണ ജോലികൾക്ക് ഫണ്ട് കണ്ടെത്തിയത്.

ഒരാടംപാലത്ത് നിന്ന് കോട്ടയ്ക്കൽ റോഡിലെ ചെരക്കാപറമ്പ് വലിയ വീട്ടിൽ പടിയിൽ എത്തി ചേരുന്ന റോഡ് വീതി കൂട്ടി റബറൈസ് ചെയ്ത്, കോട്ടയ്ക്കൽ, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾ ഇത് വഴി തിരിച്ച് വിടുകയാണ് ലക്ഷ്യം. അങ്ങാടിപ്പുറം ജംക്‌ഷനിലെത്തി വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിലേക്ക് പോകുന്നതിന് വാഹനങ്ങൾ വലത്തോട്ട് തിരിയുന്നത് മൂലമുള്ള തടസ്സവും അപ്പോൾ രൂപപ്പെടുന്ന ഗതാഗത കുരുക്കും ഇത് വഴി ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ.

ഇതിനായി അങ്ങാടിപ്പുറം പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് 1 കോടി രൂപയും മഞ്ഞളാംകുഴി അലി എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

റോഡ് വീതി കൂട്ടുന്നതിന്റെയും സോളിങ്, മെറ്റലിങ് പ്രവൃത്തികളും കഴിഞ്ഞു. മഴ പൂർണമായും മാറുന്നതോടെ റബറൈസിങും നടക്കും. ഒരാടംപാലം – വൈലോങ്ങര ബൈപാസ് യാഥാർഥ്യമാവുന്നത് വരെ വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ റോഡ് വലിയ ആശ്വാസമാവുമെന്നാണ് പ്രതീക്ഷ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *