
Perinthalmanna Radio
Date: 18-12-2025
മേലാറ്റൂർ : മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമിക്കുന്നതിനായുള്ള പ്ലാറ്റ്ഫോമിന്റെ പണി അന്തിമഘട്ടത്തിലേക്ക്. സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്താണ് പ്ലാറ്റ്ഫോം നിർമിക്കുന്നത്.
മണ്ണിട്ടുയർത്തിയ സ്ഥലത്ത് കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണഭിത്തി നിർമിച്ച് അതിനുമുകളിൽ ഇഷ്ടികവെച്ച് പ്ലാറ്റ്ഫോം ഒരുക്കുന്ന പണിയാണിപ്പോൾ നടക്കുന്നത്. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിലാണ് ക്രോസിങ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.
റെയിൽവേ ഗേറ്റിൽനിന്ന് അൽപ്പം മുന്നോട്ടുനീങ്ങി നിലവിലെ പാളത്തിനു സമാന്തരമായി വടക്കു ഭാഗത്തേക്ക് 540-ഓളം മീറ്റർ നീളത്തിലാണ് ക്രോസിങ് സ്റ്റേഷനുള്ള പാളവും പ്ലാറ്റ്ഫോമും നിർമിക്കുന്നത്. പാളം സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് ബ്ലോക്കുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം സിഗ്നൽ സംവിധാനത്തിനും മറ്റുമായി പുതിയ കെട്ടിടവും നിർമിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള കോൺക്രീറ്റ് റോഡിന് സമീപത്തായുള്ള ചതുപ്പുസ്ഥലം മണ്ണിട്ടുയർത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിന്റെ പണിയും പുരോഗമിക്കുകയാണ്.
മാസങ്ങൾക്കുള്ളിൽത്തന്നെ എല്ലാ പണികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷനിപ്പോൾ വികസനത്തിന്റെ പാതയിലാണ്.
പാതയുടെ വൈദ്യുതീകരണം പൂർത്തിയായതോടെ ഓഗസ്റ്റ് അവസാനത്തോടെ രാത്രികാല മെമു സർവീസ് ആരംഭിച്ചിട്ടുണ്ട്. ഷൊർണൂർ- നിലമ്പൂർ ലൈനിൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഒരു പ്രധാന ഹാൾട്ട് സ്റ്റേഷനാണ് മേലാറ്റൂർ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
