ജില്ലയിൽ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 1600 ഹെക്ടർ നെൽക്കൃഷി

Share to

Perinthalmanna Radio
Date: 19-01-2025

പെരിന്തൽമണ്ണ: ജില്ലയിൽ നെൽക്കൃഷി കുറയുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 1600 ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി പൂർണമായി ഇല്ലാതായി. യുവത്വം ജില്ലയിൽ നെൽക്കൃഷിയെ കൈവിടുന്നതായാണ് കണക്ക്.  നിലവിൽ 9850 ഹെക്‌ടർ സ്ഥലത്ത് മാത്രമാണ് ജില്ലയിൽ നെൽക്കൃഷിയുള്ളത്. ഇതിൽ തന്നെ 3500 ഹെക്‌ടറും പൊന്നാനി കൊൾ മേഖലകളാണ്. നാമമാത്ര കർഷകരുൾപ്പെടെ 18682 പേരുണ്ടെങ്കിലും പതിനായിരത്തോളം പേരാണ് നിലവിൽ നെൽക്കൃഷി രംഗത്ത് സജീവമായിട്ടുള്ളത്. പൊന്നാനി കോൾ മേഖലയിൽ തന്നെയാണ് വലിയൊരു വിഭാഗം കർഷകരുമുള്ളത്. 

മുൻപ് നെൽക്കൃഷി മേഖലകളായിരുന്ന പല പഞ്ചായത്തുകളും നെൽക്കൃഷി രഹിതമായി. നിലവിൽ നാമമാത്രമായി പോലും നെൽക്കൃഷിയില്ലാത്ത ഒട്ടേറെ പഞ്ചായത്തുകൾ ജില്ലയിലുണ്ട്. മുൻപ് നല്ല രീതിയിൽ നെൽക്കൃഷി ചെയ്‌തിരുന്ന പോത്തുകല്ല് ഉൾപ്പെടെയുള്ള ചില പ‍ഞ്ചായത്തുകളും ഇതിലുൾപ്പെടും. ചെറിയ തോതിൽ നെൽക്കൃഷിയുണ്ടായിരുന്ന മലയോര മേഖലയിലെ ചില പഞ്ചായത്തുകളും നെൽക്കൃഷിയെ കൈവിട്ടു. തുവ്വൂരിലും കാളികാവിലും മുതുവല്ലൂരിലും 3 ഹെക്‌ടർ സ്ഥലത്തായി 2 പേർ വീതം മാത്രമാണ് നെൽക്കർഷകർ. 

കർഷകരുടെ കൊഴിഞ്ഞു പോക്കിന് തടയിടാൻ കൃഷിക്കൂട്ടങ്ങൾ, കർഷക ഉൽപാദക സംഘങ്ങൾ, കർഷക ഉൽപാദക കമ്പനികൾ തുടങ്ങിയവ രൂപീകരിച്ച് നെല്ലിനെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള സൗകര്യവും സഹായവും ഒരുക്കുകയാണ് കൃഷിവകുപ്പ്. നെല്ലിനെ അവിലായും പുട്ടു പൊടിയായും അരിപ്പൊടിയായുമൊക്കെ മാറ്റി ഉൽപന്ന നിർമാണത്തിലേക്കും കൂടി മാറ്റാനാണ് ശ്രമം. 

മറ്റ് വകുപ്പുകളുടെ സഹായത്തോടെ വായ്‌പകൾ, വിവിധ പരിശീലന പദ്ധതികൾ സാങ്കേതിക സഹായം എന്നിവയും നടപ്പാക്കുന്നുണ്ട്. ആവശ്യമായ ഡിപിആർ തയാറാക്കി നൽകാനും പദ്ധതിയുണ്ട്.  ജില്ലയിൽ 3426 കൃഷിക്കൂട്ടങ്ങൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഇതിൽ 2800 കൃഷിക്കൂട്ടങ്ങൾ ഉൽപാദന മേഖലയിലാണ്. ഇതിൽ പാടശേഖര സമിതികളെ കൃഷിക്കൂട്ടങ്ങളാക്കിയാണ് നെൽക്കൃഷിയുടെ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചത്. അതിലേക്ക് യുവാക്കളെയും മറ്റ് താൽപര്യമുള്ളവരെയും ഉൾപ്പെടുത്തി. 

നെല്ലറകളായി കരുതപ്പെട്ടിരുന്ന പഞ്ചായത്തുകളിലെല്ലാം നെൽപാടങ്ങളുടെ വിസ്‌തൃതിയും നെൽക്കർഷകരുടെ എണ്ണവും കുറഞ്ഞു. കോൾ നിലങ്ങൾ മാറ്റി നിൽത്തിയാൽ 430 പേർ നെൽക്കർഷകരായുള്ള ആലങ്കോട് പഞ്ചായത്തിലാണ് കൂടുതൽ കർഷകർ ഈ രംഗത്തുള്ളത്. ചെറുമുക്ക് 426 പേരും അങ്ങാടിപ്പുറത്ത് 337 പേരും വേങ്ങരയിൽ 264 പേരും കുറ്റിപ്പുറത്ത് 261 പേരും തിരൂരങ്ങാടി 218 പേരും മങ്കടയിൽ 191 പേരും കോട്ടയ്ക്കൽ 168 പേരും മൂർക്കനാട് 159 പേരും പുൽപറ്റയിൽ 156 പേരും മുന്നിയൂർ 155 പേരും നെൽക്കൃഷി ചെയ്യുന്നുണ്ട്. 

ആലങ്കോട് 390 ഹെക്‌ടറിലും ചെറുമുക്ക് 375 ഹെക്ടറിലും വേങ്ങരയിൽ 300 ഹെക്‌ടറിലും നിലവി‍ൽ നെൽക്കൃഷിയുണ്ട്.  ഇടക്കാലത്ത് യുവാക്കൾ നെൽക്കൃഷിയിലേക്ക് ആകർഷിക്കപ്പെട്ടെങ്കിലും പ്രതികൂലമായ ചുറ്റുപാടുകൾ മൂലം പലരും രംഗം വിട്ടു. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാനുണ്ടായ കാല താമസവും ഒട്ടേറെ കർഷകരെ രംഗം വിടാൻ പ്രേരിപ്പിച്ചു. 

നെൽക്കൃഷിയെ ബാധിക്കുന്ന രോഗങ്ങളും പ്രതികൂല കാലാവസ്ഥയും വർധിച്ച കൂലിച്ചെലവുമെല്ലാം കൃഷി ലാഭകരമല്ലാതാക്കിയതോടെ നെൽക്കർഷകരെ പിന്നോട്ടടിപ്പിക്കുകയാണ്.
കാലവർഷക്കെടുതികൾ മൂലമുള്ള കൃഷിനാശവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയിൽ കൃഷിനാശം നേരിട്ട പലർക്കും ഇനിയും നഷ്‌ടപരിഹാരത്തുക ലഭിക്കാനുണ്ട്. 

കൃഷിഭൂമിയുടെ വലിയ തോതിലുള്ള തരം മാറ്റലും നെൽക്കൃഷിയുടെ വ്യാപ്‌തി കുറയ്‌ക്കുന്നു. നിലവിൽ വിത്തിന് പുറമേ  സുസ്ഥിര നെൽക്കൃഷി പദ്ധതിയിൽ ഹെക്ടറിന് 5500 രൂപ സർക്കാർ ധനസഹായം നൽകുന്നുണ്ട്. കുമ്മായത്തിന് സബ്‌സിഡിയായി 5400 രൂപയും ഹെക്ടറിന് നൽകുന്നുണ്ട്. ഇതൊന്നും പര്യാപ്‌തമല്ലെന്നാണ് കർഷകരുടെ വാദം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *