പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്വത്തിൽ തോട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Share to


Perinthalmanna Radio
Date: 19-02-2026

പെരിന്തൽമണ്ണ: നഗരത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും സമ്പൂർണ്ണ മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി പെരിന്തൽമണ്ണ നഗരസഭയുടെ നേതൃത്വത്തിൽ സമഗ്ര തോട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആയിഷ ജംഗ്ഷൻ പരിസരത്തെ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നജീബ് കാന്തപുരം എം.എൽ.എ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം 4 ലക്ഷം രൂപയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ തുക ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. തോടുകളിലെ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിലൂടെ വേനൽക്കാലത്തെ ജലക്ഷാമത്തിന് പരിഹാരം കാണാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്.

നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദ്രവമാലിന്യ സംസ്കരണത്തിനായി പ്ലാന്റുകൾ നിർമ്മിക്കുമെന്നും ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അവർ അറിയിച്ചു. തോട് ശുചീകരണത്തിന് ശേഷം സ്ലാബുകൾ സ്ഥാപിച്ച് ഇവ നടപ്പാതകളായി (ഫുട്പാത്ത്) മാറ്റാനാണ് നഗരസഭയുടെ പദ്ധതിയെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ നാലകത്ത് ബഷീർ പറഞ്ഞു. ഭാവിയിൽ തോടിന്റെ ഇരുവശങ്ങളും കെട്ടി മനോഹരമാക്കി ലൈറ്റുകളും കോഫി ഷോപ്പുകളും ഉൾപ്പെടുത്തി ജനങ്ങൾക്ക് ഉല്ലസിക്കാനുള്ള ഇടമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് ചെയർമാൻ ഫസൽ മുഹമ്മദ്, കൗൺസിലർ ഉനൈസ് കക്കൂത്ത്, ക്ലീൻ സിറ്റി മാനേജർ സി.കെ വത്സൻ, പ്രൊജക്ട് ഓഫീസർ രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നഗരത്തിലെ ഓടകളും തോടുകളും പൂർണ്ണമായും ശുചീകരിക്കുന്നതോടെ പെരിന്തൽമണ്ണയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *