അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷം; സുരക്ഷ വിലയിരുത്തി അധികൃതർ

Share to


Perinthalmanna Radio
Date: 19-03-2026

അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വള്ളുവനാടിന്റെ ഉത്സവമായ 11 ദിവസത്തെ പൂരാഘോഷത്തിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളും വിവിധ ക്രമീകരണങ്ങളും അധികൃതർ വിലയിരുത്തി. പൂരാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് സബ് കലക്‌ടർ സാക്ഷി മോഹൻ വിവിധ വകുപ്പുകളുടെയും ദേവസ്വത്തിന്റെയും സംയുക്ത യോഗം വിളിച്ചു ചേർത്തു. ഇന്നലെ പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്ഷേത്രത്തിലും പരിസരങ്ങളിലും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തി.

തിരുമാന്ധാംകുന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാലും സ്ഥലത്തുണ്ടായിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂരപ്പറമ്പിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികൾ നടന്നു വരികയാണ്. കർശന പരിശോധനകളും നിരീക്ഷണങ്ങളും ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികളും മറ്റും നടക്കുന്നുണ്ട്. 25 ന് ആണ് പൂരം പുറപ്പാട്. പൂരാഘോഷങ്ങൾക്കും അന്നദാനത്തിനും വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വരികയാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

പാചക വാതക പ്രതിസന്ധി പൂരം അന്നദാനത്തിന് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. മതിയായ സിലിണ്ടറുകൾ അനുവദിക്കുന്നതിന് ദേവസ്വം ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

തിരുമാന്ധാംകുന്നിലമ്മയുടെ പുതിയ പഞ്ചലോഹ തിടമ്പ് സമർപ്പിക്കുന്ന ബിംബ പരിഗ്രഹ ചടങ്ങ് ഇന്ന് വൈകിട്ട് 5.30 ന് നടക്കും. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങ്. അങ്ങാടിപ്പുറം ഗീതാഞ്ജലിയിൽ വിജയകുമാറും ഗീതാ വിജയകുമാറും ചേർന്നാണ് വഴിപാടായി തിടമ്പ് സമർപ്പിക്കുന്നത്. നാളെ രാവിലെ ബ്രഹ്‌മ കലശത്തോടൊപ്പം എഴുന്നള്ളിച്ച് ശ്രീകോവിലിൽ വച്ച് ജീവ വാഹന ക്രിയകൾ നടത്തും. പൂരനഗരിയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

പൂരസ്ഥലത്തെ കട്ടവടക്കാർ താൽക്കാലിക ലൈസൻസ് എടുക്കണം. പൂര നഗരിയിൽ പ്ലാസ്‌റ്റിക് ബാഗുകളും കേന്ദ്ര സർക്കാർ നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്‌തുക്കളും ഒഴിവാക്കണം. മാലിന്യം തരംതിരിച്ച് സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പഞ്ചായത്ത് മാലിന്യ കുട്ടകൾ സ്ഥാപിക്കും.

പൊതു ചാലുകളിലേക്ക് മാലിന്യങ്ങളും മലിന ജലവും ഒഴുക്കി വിടുന്നതും വലിച്ചെറിയുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നട‌പടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സെക്രട്ടറി സുഹാസ് ലാൽ, മെഡിക്കൽ ഓഫിസർ ഡോ.ബൈജു, ഹെൽത്ത് ഇൻസ്‌പെക്‌ടർ പി.വി.ജിജി എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *