
Perinthalmanna Radio
Date: 19-05-2024
പെരിന്തൽമണ്ണ: മോഷ്ടാവിന്റെ ആക്രമണത്തിൽ കുന്നക്കാവിൽ വയോധികയ്ക്കു തലയ്ക്കു വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ കല്യാണിയെ(76) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നക്കാവ് വടക്കേക്കരയിലെ പരേതനായ പോത്തൻകുഴി കുഞ്ഞുണ്ണിയുടെ ഭാര്യയാണ്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പേരക്കുട്ടിയായ നീനകൃഷ്‌ണയും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. ശബ്‌ദം കേട്ട് ഉണർന്ന കല്യാണി മോഷ്‌ടാവിനെ വീടിന് അകത്ത് കണ്ട് നിലവിളിച്ചതോടെയാണ് ആക്രമണമുണ്ടായത്.
കല്യാണിയുടെ നിലവിളികേട്ട് സമീപ വാസികൾ എത്തിയപ്പോഴേക്കും മോഷ്‌ടാവ് കടന്നു കളഞ്ഞു. സംഭവം നടക്കുന്ന സമയത്തു പ്രദേശത്തു വൈദ്യുതി ഉണ്ടായിരുന്നില്ല. കല്യാണിയെ ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ തന്നെ പെരിന്തൽമണ്ണയിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വീടിന്റെ പിറക് വശത്തെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് മോഷ്‌ടാവ് അകത്തുകടന്നത്.
പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ പി.ബി.കിരണിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ഡോഗ് സ്‌ക്വാഡും ഫൊറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീടിന് അൽപം അകലെനിന്നായി മോഷ്‌ടാവിന്റേതെന്ന് കരുതുന്ന കത്തിയും കൈക്കോടാലിയും കണ്ടെത്തി. പൊലീസ് ആശുപത്രിയിലെത്തി കല്യാണിയുടെ മൊഴി രേഖപ്പെടുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
