
Perinthalmanna Radio
Date: 19-05-2025
മലപ്പുറം ∙ പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യത തള്ളിക്കളയാനായിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടപ്രകാരം നിയമസഭാ മണ്ഡലത്തിൽ ഒഴിവു വന്ന് ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തിയാൽ മതി. ഇതനുസരിച്ചു നിലമ്പൂരിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ജൂലൈ 12 വരെ സമയമുണ്ട്.
നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു തുടക്കം കുറിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനം ഇറക്കിയിരുന്നു.
എട്ടിടത്തും അന്തിമ വോട്ടർപട്ടിക തയാറായിക്കഴിഞ്ഞു. നിയമസഭയുടെ കാലാവധി പൂർത്തിയാകാൻ നാലു വർഷംവരെ അവശേഷിക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും ഇതിലുണ്ട്. ഈ മാസം അവസാനത്തോടെ എട്ടിടത്തും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ഗുജറാത്തിലെ കഡി, വിസാവദർ, കശ്മീരിലെ നഗ്രോട്ട, ബുദ്ഗാം, ബംഗാളിലെ കാളിഗഞ്ച്, മണിപ്പുരിലെ തദുബി, പഞ്ചാബിലെ വെസ്റ്റ് ലുധിയാന എന്നിവിടങ്ങളിലാണു നിലമ്പൂരിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കേണ്ടത്. എട്ടിടത്തെയും അന്തിമ വോട്ടർപട്ടിക ഈ മാസം അഞ്ചിനു പ്രസിദ്ധീകരിച്ചു.
ഇതിൽ കശ്മീരിലെ രണ്ടു മണ്ഡലങ്ങൾ ഒക്ടോബർ മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. നിയമപ്രകാരം ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കേണ്ട സമയപരിധി ഏപ്രിലിൽ അവസാനിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യേക അധികാരം ഉപയോഗിച്ചു തിരഞ്ഞെടുപ്പു കമ്മിഷന് ഇതു നീട്ടിവയ്ക്കാം.
നിലമ്പൂർ ഉൾപ്പെടെ മറ്റിടങ്ങളിൽ ആറുമാസ കാലാവധി പൂർത്തിയാകാൻ ഇനിയും സമയമുണ്ട്.
ഗുജറാത്ത്, മണിപ്പുർ, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാൻ രണ്ടു വർഷത്തിലേറെയുണ്ട്.
നിയമസഭയ്ക്ക് ഒരു വർഷത്തെ കാലാവധി ബാക്കിയുണ്ടെങ്കിൽ നിർബന്ധമായും ഉപതിരഞ്ഞെടുപ്പു നടത്തണമെന്നു നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണു പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചത്.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻവർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂരിൽ ഇതുവരെ പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മറ്റിടങ്ങളിൽ അതല്ല സ്ഥിതി. പഞ്ചാബിലും ഗുജറാത്തിലും ചില പാർട്ടികളെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ