ഒടമല മഖാം നേർച്ച സമാപിച്ചു

Share to

Perinthalmanna Radio
Date: 19-05-2025

പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ നാലു മാസം നീണ്ടു നിന്ന നേർച്ചക്ക് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ പരിസമാപ്തി. മഖാം നേർച്ച സമാപനത്തോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി മഖാം സിയാറത്ത്, മതപ്രഭാഷണം, റൂഹെ ബയാൻ ആത്മീയ മജ്‌ലിസ്, അഖിലകേരള മാഷപ്പ് മത്സരം, ഇലൽ ഹബീബ് ഇഷ്ക് മജിലിസ്, സ്നേഹ സംഗമം, മൗലീദ് പാരായണം, അന്നദാനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് വെള്ളിയാഴ്ച നടന്ന മത പ്രഭാഷണ സദസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. വെള്ളിയാഴ്ച നടന്ന റൂഹെ ബയാൻ ആത്മീയ മജ്‌ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാംഗം ഹൈദർ ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. അൽ ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. മത സൗഹാർദ്ദം വിളിച്ചോതി വിവിധ മതനേതാക്കൾ പങ്കെടുത്ത സ്നേഹ സംഗമം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർധിച്ചു വരുന്ന വർഗീയ തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെ പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകകൾ കൊണ്ട് പ്രതിരോധിക്കുവാനും മുൻഗാമികളുടെ സൗഹാർദ മാതൃകകളെ പുനരാവിഷ്കരിക്കുവാനും സമൂഹം തയ്യാറാകണമെന്ന് സ്നേഹ സംഗമം ആവശ്യപ്പെട്ടു. ഡോ.രാമദാസ്, പീതാംബരൻ ആനമങ്ങാട്, വിജയരാഘവൻ എന്നിവർ മുഖ്യതിഥികളായി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഡയറക്ടർ ഫൈസൽ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഞായറാഴ്ച രാവിലെ മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകി. കൊടശ്ശേരി ഇബ്രാഹിം മുസ്‌ലിയാർ, ഹിബത്തുള്ള ദാരിമി തൂത, അബ്ബാസ് അൻവരി, വി. ഷറഫുദ്ദീൻ ഫൈസി, റസാഖ് ഫൈസി, മുജീബ് ഫൈസി, ജലീൽ അൻവരി, ഖാലിദ് ദാരിമി, മുസ്തഫ അൻസരി, റഫീഖ് അൻവരി, കെ.കെ അബൂബക്കർ സഖാഫി, സി.കെ മുഹമ്മ് ഹാജി, ഷമീർ ഫൈസി ഒടമല, അഷ്‌റഫ് മൗലവി, പി.കെ സത്താർ, കെ.ടി സകീർ, പി.കെ ജാഫർ, പി.കെ മൊയ്ദു, കെ.അലി, വി.മമ്മദ് എന്നിവർ പങ്കെടുത്തു.

തുടർന്ന് ജാതി മതഭേദമന്യേ ആയിരങ്ങൾ പങ്കെടുത്ത അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമായി. യുവാകളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് അന്നദാനം വിതരണം ചെയ്തത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *