അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; 26 മുതൽ ബസ് പണിമുടക്ക്

Share to


Perinthalmanna Radio
Date: 19-06-2025

പെരിന്തൽമണ്ണ:  അധികൃതരുടെ അലംഭാവം തുടരുന്നതിനിടെ കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക് കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി. ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെ‌ട്ട് 26 മുതൽ ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജില്ലാ ബസ് തൊഴിലാളി യൂണിയനും (സിഐടിയു) പണിമുടക്കിന് അധികൃതർക്ക് നോട്ടിസ് നൽകി. ഇതേ വിഷയത്തിൽ ബസുട‌മ സംഘം താലൂക്ക് കമ്മിറ്റി കഴിഞ്ഞ ദിവസം പണിമുടക്കു സമരം പ്രഖ്യാപിച്ചിരുന്നു.

അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്നും ജില്ലാ ബസ് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. ദേശീയപാതയിൽ അങ്ങാ‌ടിപ്പുറം മേൽപാലം പരിസരത്തെ റോഡ് തകർച്ചയും കുഴികളുമാണ് കുരുക്ക് രൂക്ഷമാകുന്നത്. ഈ ഭാഗത്ത് റോഡ് നവീകരിക്കാൻ ദേശീയപാതാ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

നിലവിലെ സ്ഥിതി ബസ് മേഖലയിലെ തൊഴിലാളികൾക്ക് പ്രയാസം സൃഷ്‌ടിക്കുന്നതായി തൊഴിലാളികൾ പറയുന്നു. മുഴുവൻ ട്രിപ്പുകളും കൃത്യമായി ഓടാൻ കഴിയാത്ത സാഹചര്യമാണ്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിക്കും അധികൃതർക്കും പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ല. കലക്‌ഷൻ ബത്തയ്ക്ക് പണിയെ‌ടുക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തികമായും ശാരീരികമായും പ്രയാസം നേരിടുന്നതായി തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറഞ്ഞു. പണിമുടക്കുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ, സിഐ, ദേശീയപാതാ അധികൃതർ, പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്.

ദേശീയപാതയിലെ കുരുക്ക് കൂടുതൽ മുറുകാതിരിക്കാൻ അധികൃതർ വളാഞ്ചേരി, കോട്ടയ്ക്കൽ റോഡിൽ നിന്നെത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ ജംക്‌ഷനിലേക്ക് പ്രവേശിപ്പിക്കാതെ ഏറെനേരം തടഞ്ഞിടുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. പാതയിലെ കുരുക്ക് പരിഹരിക്കാനുള്ള നടപടികളുടെ കാര്യത്തിൽ അധികൃതർ തികഞ്ഞ നിസ്സംഗത പുലർത്തുകയാണെന്ന ആക്ഷേപം ശക്തമാണ്.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *