മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 25 മുങ്ങി മരണം

Share to


Perinthalmanna Radio
Date: 19-07-2025

മലപ്പുറം: മുന്നറിയിപ്പുകളും ബോധവത്കരണവും ശക്തമായിട്ടും മലപ്പുറം ജില്ലയില്‍ മുങ്ങി മരണങ്ങള്‍ക്ക് കുറവില്ല. ഈ വർഷം ഇതുവരെ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 25 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകള്‍.

ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്. ആറെണ്ണം. ഏറ്റവും കുറവ് മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് ചെയ്തത് പൊന്നാനിയിലാണ്. ഇവിടെ ഒരു മുങ്ങിമരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഗ്നിരക്ഷാ സേനയുടെ കണക്കില്‍പ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താല്‍ മരണസംഖ്യ ഇനിയും ഉയരും.

കഴിഞ്ഞ വർഷം ജില്ലയില്‍ 75 മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024, 2023, 2022 വർഷങ്ങളില്‍ മരണ സംഖ്യ യഥാക്രമം 117, 120, 84 എന്നിങ്ങനെയായിരുന്നു. അതി സാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളില്‍ നീന്തല്‍ പഠിച്ച്‌ വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. മദ്യപിച്ച്‌ ജലാശയത്തില്‍ ഇറങ്ങുന്നതും മുങ്ങി മരണങ്ങള്‍ക്ക് പ്രധാന കാരണമാണ്. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുമ്ബോഴാണ് കൂടുതലും അപകടത്തില്‍പെടുക. അപകടത്തില്‍പെടുന്നവരില്‍ ഏറെയും വിദ്യാർഥികളും യുവാക്കളുമാണ്. ജലാശയങ്ങളിലെ ആഴവും ഒഴുക്കിന്റെ സ്വഭാവവും വെള്ളത്തിലിറങ്ങുന്നവർ അറിഞ്ഞിരിക്കണം. അപകടത്തില്‍പ്പെടുന്നവരെ കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നത് കൂടുതല്‍പേർ അപകടത്തില്‍പ്പെടാൻ ഇടവരുത്തുന്നു.

ജലാശയ അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഗ്നിരക്ഷോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ബോധവത്കരണ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ, സിവില്‍ ഡിഫൻസുമായി സഹകരിച്ച്‌ ‘മിടിപ്പ്’ എന്ന പേരില്‍ വിദ്യാർത്ഥികള്‍ക്കായി നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്.

ആകെ മുങ്ങിമരണം – 25

ഫയര്‍‌സ്റ്റേഷൻ മുങ്ങിമരണം

തിരൂർ – 6
മലപ്പുറം – 4
പെരിന്തല്‍മണ്ണ-4
താനൂർ – 3
തിരുവാലി-3
മഞ്ചേരി-2
നിലമ്ബൂർ-2
പൊന്നാനി-1

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഇവ അവഗണിക്കുന്നവർ നിരവധിയാണ്. ഇത് അപകടങ്ങളുടെ മുഖ്യകാരണമാണ്. സാഹസികത പരീക്ഷിക്കാനും ആഴമറിയാതെ ജലാശയത്തില്‍ ഇറങ്ങുന്നതും മദ്യപിച്ചു പുഴയില്‍ ഇറങ്ങുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യൂ  സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുള്‍ സലീം പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *