
Perinthalmanna Radio
Date: 19-08-2025
പെരിന്തൽമണ്ണ: നിലമ്പൂർ–കോട്ടയം എക്സ്‌പ്രസ് ട്രെയിനിൽ റിസർവേഷൻ കംപാർട്ട്മെന്റുകളായി പുതുതായി സജ്ജീകരിച്ച 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾക്ക് മുകളിൽ കൃത്യമായ ബോർഡ് സ്ഥാപിക്കാത്തത് യാത്രക്കാർക്ക് പ്രതിസന്ധിയായി. റിസർവേഷൻ ചെയ്‌തവരും അല്ലാത്തവരുമെല്ലാം കോച്ചുകളിൽ മാറി കയറുന്ന സാഹചര്യമായിരുന്നു. റിസർവേഷൻ കംപാർട്ട്മെന്റുകളാണെന്ന് അറിയുന്നതിന് ഡി1, ഡി2 എന്നീ അറിയിപ്പുകൾ കഴിഞ്ഞ ദിവസം ചോക്ക് കൊണ്ട് എഴുതി വച്ചിരുന്നെങ്കിലും ഇതെല്ലാം മഴ നനഞ്ഞ് മങ്ങിയിരുന്നു.
പെട്ടെന്ന് കാണാവുന്ന വിധത്തിലായിരുന്നില്ല. ഇന്നലെ കടലാസിൽ പ്രിന്റ് എടുത്ത് ഒട്ടിച്ചിരുന്നെങ്കിലും കനത്ത മഴയ്ക്കിടെ ഇതും കീറിപ്പോയ നിലയിലായിരുന്നു.
ഡി1, ഡി2 ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി ഇല്ല. ഇതുമൂലം മാറി കയറിയവർ അടുത്ത സ്‌റ്റേഷനിലെത്തിയ ശേഷമാണ് വീണ്ടും താഴെയിറങ്ങി കംപാർട്ട്മെന്റ് മാറിയത്.
സംഭവം സംബന്ധിച്ച് ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. തിരുവനന്തപുരം ഡിവിഷൻ ആണ് ബോർഡ് സ്ഥാപിക്കേണ്ടത്. പെട്ടെന്ന് ആരംഭിച്ച ബോഗികളായതിനാലാണ് പ്രത്യേക ബോർഡ് സ്ഥാപിക്കാനാവാതെ വന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
പാലക്കാട് ഡിവിഷൻ അധികൃതരും വിഷയം തിരുവനന്തപുരം ഡിവിഷന്റെ ശ്രദ്ധയിൽ പെടുത്തിയതായാണ് അറിവ്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് അധികൃതർ യാത്രക്കാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
