
Perinthalmanna Radio
Date: 19-09-2025
മേലാറ്റൂർ : രണ്ടു റോഡുകൾ തമ്മിലുള്ള ഉയര വ്യത്യാസം കാരണം ഗതാഗതം ദുഷ്കരമായ ചെമ്മാണിയോട്- പുത്തൻപള്ളി കവലയിലെ പ്രശ്നത്തിന് പരിഹാരമാകുന്നു. ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 3.38 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് ഉയരവ്യത്യാസം മാറ്റാനുള്ള പണി തുടങ്ങി. പുലാമന്തോൾ- ഒലിപ്പുഴ സംസ്ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി റോഡരികിൽ അഴുക്കുചാൽ നിർമിച്ച് സ്ലാബിട്ടതോടെയാണ് ചെമ്മാണിയോട്- പുത്തൻപള്ളി റോഡുകൾ സംഗമിക്കുന്ന ഭാഗത്ത് രണ്ടടിയിലധികം ഉയരവ്യത്യാസം വന്നത്.
ഇതോടെ സംസ്ഥാന പാത ഉയർന്ന നിലയിലും പുത്തൻപള്ളി റോഡ് താഴ്ന്ന നിലയിലുമായി. വർഷങ്ങളായി ഈ ദുരവസ്ഥ തുടരുകയായിരുന്നു. റോഡിന്റെ ഉയര വ്യത്യാസം കാരണം ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം വളരെ പ്രയാസപ്പെട്ടാണ് സംസ്ഥാന പാതയിൽ നിന്ന് പുത്തൻപള്ളി റോഡിലേക്കും തിരിച്ചും കടന്നുപോയിരുന്നത്. ചെമ്മാണിയോട് ജിഎൽപി സ്കൂളിലേക്കുള്ള വഴികൂടിയാണ് ഈ ഭാഗം. നിരവധി സ്കൂൾ ബസുകളും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. റോഡിന്റെ ഉയര വ്യത്യാസം പലപ്പോഴും അപകടങ്ങൾക്കും കാരണമായിരുന്നു.
മണ്ണും ചരലും മെറ്റലുമെല്ലാം ഈ ഭാഗത്ത് പരന്നു കിടന്നിരുന്നു. ഇതും അപകടങ്ങൾക്ക് ആക്കംകൂട്ടി. പ്രശ്നത്തിന് പരിഹാരം കാണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ടതും ഫണ്ട് അനുവദിച്ച് കഴിഞ്ഞദിവസം പണി തുടങ്ങിയതും. മണ്ണുമാന്തി ഉപയോഗിച്ച് ഉയരവ്യത്യാസം കുറച്ചശേഷം കോൺക്രീറ്റ് ചെയ്ത് ലെവലാക്കുകയാണ് ചെയ്യുന്നത്. ശനിയാഴ്ചയോടെ കോൺക്രീറ്റിങ് പൂർത്തിയാകും. പണി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പത്തുദിവസത്തേക്ക് ഈ ഭാഗത്തുകൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. റോഡിന്റെ ഉയരവ്യത്യാസത്തെക്കുറിച്ചും അതു വഴിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുമെല്ലാം പെരിന്തൽമണ്ണ റേഡിയോ നേരത്തെ വാർത്ത നൽകിയിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
