
Perinthalmanna Radio
Date: 19-11-2024
മലപ്പുറം ∙ കാത്തിരിപ്പിനും ആശയക്കുഴപ്പത്തിനുമൊടുവിൽ തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പല ഘട്ടങ്ങളിലായി രാത്രി ഏറെ വൈകിയാണു പട്ടിക പൂർണമായി പ്രസിദ്ധീകരിച്ചത്. രാത്രി എട്ടു മണിയോടെ പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.. പഞ്ചായത്തുകളുടെ പേരു മാത്രമാണു ഉൾപ്പെടുത്തിയിരിക്കുന്നത്.
വാർഡിന്റെ പേര്, നമ്പർ, അതിരുകൾ, ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ സഹിതം രാത്രി വൈകിയാണു പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ പാർട്ടികൾക്കു കരടു പട്ടികയെക്കുറിച്ച് പരാതി ഉന്നയിക്കാൻ ഡിസംബർ 3 വരെ സമയം നൽകിയിട്ടുണ്ട്. കരടു പട്ടികയുടെ വിജ്ഞാപനത്തിൽ ഇതു വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാമെന്നു പറയുന്നുണ്ടെങ്കിലും രാത്രി വൈകിയും ലഭ്യമായിട്ടില്ല.
പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലെ പുതിയ വാർഡുകളുടെ കരടു പട്ടികയാണു ഇന്നലെ പുറത്തിറക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അധികൃതരുമെല്ലാം പട്ടികയ്ക്കായി രാവിലെ മുതൽ കാത്തിരുന്നെങ്കിലും രാത്രി എട്ടിനാണ് ആദ്യ വിജ്ഞാപനം വന്നത്.
പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പേരു മാത്രമാണ് ഇതിലുൾപ്പെടുത്തിയിരുന്നത്. ഇതോടെ, കരടുപട്ടിക പൂർണമായിട്ടില്ലെന്ന പരാതികൾ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നുയർന്നു. ചരിത്രത്തിലാദ്യമായാണ് വാർഡ് പുനർവിഭജനം പൂർണമായി ഡിജിറ്റലായി നടക്കുന്നത്.
ക്യൂഫീൽഡ് ആപ്പ് വഴി അതിർത്തികൾ നിശ്ചയിച്ച ഘട്ടത്തിൽ തന്നെ പരാതികൾ ഉയർന്നിരുന്നു. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ 249 വാർഡുകളും നഗരസഭകളിൽ 26 വാർഡുകളുമാണു വർധിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
