പണം വാങ്ങി ലേണേഴ്സ് ലൈസൻസ്; കയ്യോടെ പിടികൂടി വിജിലൻസ്

Share to


Perinthalmanna Radio
Date: 19-12-2025

തിരൂർ : ജോയിന്റ് ആർടിഒ നേരിട്ടു നടത്തേണ്ട ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ പണം വാങ്ങി ജയിപ്പിച്ചു ലൈസൻസ് നൽകുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ ലൈസൻസ് ഉള്ളവർക്കായി നടത്തുന്ന പരീക്ഷയിലാണു ക്രമക്കേട് പിടികൂടിയത്.

ഇവർക്ക് നാട്ടിൽ ലൈസൻസെടുക്കാൻ വാഹനം ഓടിച്ചു കാണിക്കേണ്ടതില്ല.

പകരം ലേണേഴ്സ് ലൈസൻസ് പരീക്ഷ വിജയിക്കണം. 5,000 രൂപ മുതൽ 20,000 രൂപ വരെ നൽകി ഈ ലൈസൻസ് നേടുന്നതായാണു കണ്ടെത്തൽ.

ഇന്നലെ രാവിലെ ആർടി ഓഫിസിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ, ഇത്തരത്തിൽ പരീക്ഷയെഴുതാതെ ലൈസൻസ് കൈപ്പറ്റിയ രണ്ടുപേരെ കയ്യോടെ പിടികൂടി. പരീക്ഷയെഴുതിയിട്ടില്ലെന്നും പണം നൽകിയതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.

ഇവരുൾപ്പെടെ ഇത്തരത്തിൽ ലൈസൻസ് നേടിയ നാലുപേരെ ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. 150 രൂപ മാത്രം ഫീസും ലളിതമായ ചോദ്യങ്ങളുമുള്ള പരീക്ഷ, കാഠിന്യമേറിയതാണെന്ന് അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ചാണു പണം വാങ്ങുന്നത്.

പലരും പരീക്ഷാദിവസം ജോയിന്റ് ആർടി ഓഫിസിൽ എത്താറുപോലുമില്ലെന്നും ഏജന്റുമാർ പണം എത്തിച്ചു നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഒന്നര വർഷം മുൻപ് തിരൂർ ജോയിന്റ് ആർടി ഓഫിസിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന ആർസികൾ ഇവിടെ റജിസ്റ്റർ ചെയ്യുന്നതിനു പണം വാങ്ങി സഹായം നൽകിയത് വിജിലൻസ് കണ്ടെത്തിയതോടെയാണു നടപടിയുണ്ടായത്.

തുടർന്നാണ് നിലവിലെ ജോയിന്റ് ആർടിഒ അടക്കമുള്ളവരെ ഇവിടെ നിയമിച്ചത്.

ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ പരിശോധന നീണ്ടുനിന്നു. പരിശോധന അടുത്ത ദിവസവുമുണ്ടാകും. കൂടുതൽ രേഖകൾ കണ്ടെത്തിയ ശേഷം കേസെടുക്കും.

വിജിലൻസ് സിഐ പി.ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇന്റേണൽ വിജിലൻസ് ഓഫിസർ കെ.രാജേഷ്, ജോയിന്റ് ആർടിഒ പി.മിനി, എഎസ്ഐ പി.ഷറഫുദ്ദീൻ, എസ്‍സിപിഒമാരായ ധനേഷ്, ജലീൽ, സിപിഒമാരായ ശ്രീജേഷ്, സുബിൻ, അഭിജിത് ദാമോദർ എന്നിവരും പങ്കെടുത്തു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *