ഹെൽമെറ്റില്ലാതെ വന്നവർക്ക് കിട്ടിയത് എട്ടിന്റെ പണിയല്ല, പുത്തൻ ഹെൽമെറ്റ്

Share to


Perinthalmanna Radio
Date: 20-01-2026


പെരിന്തൽമണ്ണ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ എത്തിയവർ പിഴയടക്കാൻ പേഴ്സ് തുറന്നപ്പോൾ മുന്നിലെത്തിയത് ഹെൽമെറ്റ്! പെരിന്തൽമണ്ണയിൽ മോട്ടോർ വാഹന വകുപ്പും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വേറിട്ട റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയാണ് ജനശ്രദ്ധയാകർഷിച്ചത്. സാധാരണയായി ഹെൽമെറ്റ് ഇല്ലാത്തവർക്ക് പിഴ ഈടാക്കുന്നതിന് പകരം, അവർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയാണ് അധികൃതർ ഇത്തവണ ബോധവൽക്കരണം നടത്തിയത്.

ദേശീയ റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമം ലംഘിക്കാനുള്ളതല്ല, മറിച്ച് സ്വന്തം സുരക്ഷയ്ക്കായി പാലിക്കാനുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തവരെ തടഞ്ഞുനിർത്തി അവർക്ക് സൗജന്യമായി ഹെൽമെറ്റുകൾ നൽകി ബോധവൽക്കരണം നടത്തി.

പെരിന്തൽമണ്ണ എം.വി.ഡി (MVD) ഉദ്യോഗസ്ഥർ, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ, ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ എസ്.പി.സി (SPC) കേഡറ്റുകൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഹെൽമെറ്റ് ധരിക്കാത്തവർക്ക് അത് നേരിട്ട് ധരിപ്പിച്ചുകൊണ്ട് ഒരു നല്ല ഗതാഗത സംസ്കാരം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ന് ഹെൽമെറ്റ് നൽകി വിട്ടയച്ചെങ്കിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയമ ലംഘകർക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും പെരിന്തൽമണ്ണ എം.വി.ഐ അറിയിച്ചു. റോഡ് സുരക്ഷാ മാസത്തിന്റെ ഭാഗമായി താലൂക്കിൽ റോഡ് റാലികൾ, ബോധവൽക്കരണ ക്ലാസുകൾ, നേത്ര പരിശോധന ക്യാമ്പുകൾ എന്നിവയും നടന്നു വരുന്നുണ്ട്.

“വീട്ടിൽ നിങ്ങൾക്കായി കാത്തിരിക്കുന്നവരെ ഓർത്തെങ്കിലും സുരക്ഷിതമായി യാത്ര ചെയ്യുക” എന്ന സന്ദേശമാണ് ഈ വേറിട്ട പ്രവർത്തനത്തിലൂടെ അധികൃതർ നൽകിയത്. ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ താലൂക്ക് ഭാരവാഹികൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *