
Perinthalmanna Radio
Date: 20-02-2025
പെരിന്തല്‍മണ്ണ: പാതിവില ഓഫറില്‍ പണം തട്ടിയെടുത്ത സംഭവങ്ങളില്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയാല്‍ ക്രൈംബ്രാഞ്ചിന് കൈമാറും.
നാഷനല്‍ എൻ.ജി.ഒ കോണ്‍ഫെഡറേഷനില്‍ പെരിന്തല്‍മണ്ണയിലെ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷൻ 1.8 കോടി രൂപയും അങ്ങാടിപ്പുറത്തെ കെ.എസ്.എസ് എന്ന കർഷക സംഘടന 34 ലക്ഷം രൂപയും പിരിച്ചെടുത്ത് നല്‍കിയതുമായി ബന്ധപ്പെട്ടാണ് പെരിന്തല്‍മണ്ണയിലെ പ്രധാനപ്പെട്ട രണ്ടു പരാതികള്‍. പണം പിരിച്ചുനല്‍കിയ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ട്. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷൻ വഴി പണമടച്ചവരാണ് പെരിന്തല്‍മണ്ണയില്‍ കബളിപ്പിക്കപ്പെട്ടവരിലേറെയും.
മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷൻ മുഖ്യ ഭാരവാഹി നജീബ് കാന്തപുരം എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പണം കൈപ്പറ്റിയ സന്നദ്ധ സംഘടന ഭാരവാഹികളെന്ന നിലയില്‍ എം.എല്‍.എക്ക് എതിരെയും കേസെടുത്തിരുന്നു. എന്നാല്‍, പണം തിരികെ ലഭിച്ചതിനാല്‍ എം.എല്‍.എക്കെതിരായ പരാതി പിൻവലിക്കാൻ പരാതിക്കാരിയായ വിദ്യാർഥിനി പൊലീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അങ്ങാടിപ്പുറത്തെ കെ.എസ്.എസിന്റെ പരാതിയിലാണ് എൻ.ജി.ഒ കോണ്‍ഫെഡറേഷൻ ചെയർമാൻ ആനന്ദകുമാർ, സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണൻ എന്നിവരുടെയും എൻ.ജി.ഒ നാഷനല്‍ കോണ്‍ഫെഡറേഷൻ രക്ഷാധികാരിയെന്ന് കാണിച്ച് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെയും പേരില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. ഈ പരാതിയിലും പൊലീസ് സന്നദ്ധ സംഘടനയെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് പ്രാഥമികമായി അന്വേഷണം നടത്തി. സംഘടനയുടെ 11 എക്സിക്യൂട്ടിവ് അംഗങ്ങളെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് വിശദാംശങ്ങള്‍ ശേഖരിച്ചത്. റിട്ട. ജസ്റ്റിസിനെതിരെ കേസെടുക്കാനുണ്ടായ സാഹചര്യം പെരിന്തല്‍മണ്ണ പൊലീസ് പ്രാഥമികമായി നേരത്തേ ജില്ല പൊലീസ് സൂപ്രണ്ട് വഴി ഉത്തരമേഖല ഐ.ജിയെ ബോധിപ്പിച്ചിരുന്നു. പ്രതിചേർക്കാനുണ്ടായ സാഹചര്യം സംസ്ഥാന പൊലീസ് മേധാവി വീണ്ടും ജില്ല പൊലീസ് മേധാവിയോട് തേടിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
