നിലമ്പൂർ- ഷൊർണൂർ റൂട്ടിൽ അനാവശ്യ ട്രെയിൻ പിടിച്ചിടൽ ഒഴിവാക്കി അധികൃതർ

Share to



Perinthalmanna Radio
Date: 20-03-2024

പെരിന്തൽമണ്ണ: നിലമ്പൂർ–ഷൊർണൂർ റൂട്ടിലെ ദീർഘദൂര യാത്രക്കാർക്കു കണക്‌ഷൻ ട്രെയിൻ ലഭിക്കാത്ത പ്രശ്‌നത്തിൽ ആശ്വാസ നീക്കവുമായി അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിനുകളുടെ വഴിയിലെ അനാവശ്യ പിടിച്ചിടൽ ഒഴിവാക്കി കണക്‌ഷൻ ട്രെയിൻ ലഭിക്കാൻ അധികൃതർ വഴിയൊരുക്കി.

ഷൊർണൂരിൽ നിന്നുള്ള കണക്‌ഷൻ ട്രെയിനുകൾ ലക്ഷ്യമാക്കി യാത്ര പോകുന്ന ഏറെപ്പേരുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ കടന്നുപോയ കണക്‌ഷൻ ട്രെയിൻ ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരുന്നു.

നിലമ്പൂർ–ഷൊർണൂർ ട്രെയിനുകൾ ഷൊർണൂരിന് അടുത്ത് പിടിച്ചിട്ടതായിരുന്നു കാരണം. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് യാത്രക്കാർ ഏറെ ദുരിതത്തിലായത്. കണക്‌ഷൻ ട്രെയിൻ കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവനക്കൂട്ടായ്മയായ ട്രെയിൻ ടൈം ചീഫ് കോ–ഓർഡിനേറ്റർ സലീം ചുങ്കത്ത് ഉൾപ്പെടെയുള്ളവർ കേന്ദ്ര റെയിൽവേ മന്ത്രി, സതേൺ റെയിൽവേ ജന.മാനേജർ, ഡിവിഷൻ റെയിൽവേ ജന.മാനേജർ തുടങ്ങിയവർക്കു പരാതി നൽകിയിരുന്നു.

ഇത് സംബന്ധിച്ച് വലിയ തോതിൽ പരാതി ഉയർന്നതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കണക്‌ഷൻ ട്രെയിനുകൾ കൃത്യമായി ലഭിക്കത്തക്കവിധമാണ് അധികൃതർ ഇടപെട്ടത്. നിലമ്പൂരിൽനിന്നുള്ള രാവിലത്തെ ട്രെയിനുകൾ കണക്‌ഷൻ ലഭിക്കേണ്ട ദീർഘദൂര ട്രെയിനുകളുടെ തൊട്ടടുത്ത പാളത്തിലെത്തിയതും ആശ്വാസമായി.

ഇക്കാര്യത്തിൽ പരമാവധി ശ്രദ്ധിക്കാമെന്ന് ബന്ധപ്പെട്ട അധികൃതർ പരാതി നൽകിയവർക്ക് ഉറപ്പു നൽകിയിരുന്നു.

നിലമ്പൂർ–ഷൊർണൂർ ട്രെയിനുകളിൽ രാവിലെ പോകുന്ന യാത്രക്കാരിലേറെയും ഷൊർണൂരിൽനിന്ന് തുടർയാത്രയ്‌ക്കുള്ളവരാണ്. തിരുവനന്തപുരം ജനശതാബ്‌ദി, തിരുനൽവേലി വീക്ക്‌ലി എക്‌സ്പ്രസ്, ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിൻ തുടങ്ങിയ കണക്‌ഷൻ ട്രെയിനുകൾ ലക്ഷ്യമാക്കുന്നവരാണ് ഏറെയും. സ്ഥിരം യാത്രക്കാരായ നൂറുകണക്കിനു വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *