
Perinthalmanna Radio
Date: 20-03-2024
മേലാറ്റൂർ: വേനൽമഴ മാറിനിന്നതോടെ നാടെങ്ങും ജലക്ഷാമത്തിന്റെ തീവ്രതയിലേക്ക് നീങ്ങുകയാണ്. പൊള്ളുന്ന വെയിലിൽ തോടുകളും കുളങ്ങളും പുഴകളുമെല്ലാം ഏതാണ്ട് വറ്റിവരണ്ടു. ജലലഭ്യത ഉറപ്പു വരുത്തുന്നതിനുവേണ്ടി പുഴയ്ക്കുകുറുകെ നിർമിച്ച മിക്ക താത്കാലിക തടയണകളിലും വെള്ളം ദിനംപ്രതി കുറഞ്ഞുവരികയാണ്. നിരവധി കുടിവെള്ള പദ്ധികൾക്കും ഏക്കർ കണക്കിന് കൃഷിഭൂമിയിലേക്കും യഥേഷ്ടം വെള്ളം നൽകിയിരുന്ന വെള്ളിയാറിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി വിവിധ ഭാഗങ്ങളിലായി പത്തോളം താത്കാലിക തടയണകളാണ് നിർമിച്ചിട്ടുള്ളത്. വേനൽമഴ ലഭിക്കാത്തിനാൽ ഈ തടയണകളെല്ലാം വറ്റിക്കൊണ്ടിരിക്കുകയാണ്. തടയണ നിർമിക്കാൻ വൈകിയതും വേനൽമഴ ലഭിക്കാത്തതും കാരണം പുഴയിലെ നീരൊഴുക്ക് പൂർണമായും നിലച്ചു.
അതുകൊണ്ടുതന്നെ പുഴയുടെ താഴ്ഭാഗങ്ങളിൽ ഒരു തുള്ളിവെള്ളം പോലും ഇല്ലാത്ത ധാരാളം സ്ഥലങ്ങളുണ്ട്. പുഴയുടെ മധ്യഭാഗത്തടക്കം മണലും ചരലും നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ്. കുടിവെള്ള പദ്ധതിക്കായി പുഴയോരത്ത് നിർമിച്ച കിണറുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തിനാൽ ഈ പദ്ധതികളിൽനിന്നുമുള്ള കുടിവെള്ള വിതരണത്തിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പുഴയിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽനിന്ന് സ്വകാര്യ വ്യക്തികൾ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് മണിക്കൂറുകളോളം വെള്ളം പമ്പ് ചെയ്തെടുക്കുന്നതും നിലവിലുള്ള വെള്ളം കുറയുന്നതിന് കാരണമാകുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
