ട്രോളിങ് നിരോധനത്തിനൊപ്പം മഴയും മീൻലഭ്യത വൻതോതിൽ കുറഞ്ഞു

Share to



Perinthalmanna Radio
Date: 20-06-2025

ട്രോളിങ് നിരോധനത്തിനൊപ്പം കാറ്റും മഴയും കനത്തത്തോടെ മീന്‍ലഭ്യത വന്‍തോതില്‍ കുറഞ്ഞു. ഇതോടെ മത്തിയും അയലയും ഉള്‍പ്പെടെയുള്ള മീനുകളുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം അയലയും മത്തിയും കിലോഗ്രാമിന് 400 രൂപയ്ക്കാണ് വിറ്റത്. മത്തിക്ക് 350 രൂപയും അയലയ്ക്ക് 350 മുതല്‍ 360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. ട്രോളിങ് നിരോധന സമയത്ത് മൂന്നുപേര്‍ക്കുമുതല്‍ 40 പേര്‍ക്കുവരെ പോകാവുന്ന പരമ്പരാഗത വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകാറുള്ളത്. എന്നാല്‍, ഇത്തവണ ട്രോളിങ് തുടങ്ങിയ ജൂണ്‍ ഒന്‍പതുമുതല്‍ കനത്ത മഴയും കാറ്റും തുടങ്ങി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതാണ് മീന്‍ കിട്ടുന്നത് വന്‍തോതില്‍ കുറഞ്ഞതിന് കാരണം.
ദിവസങ്ങള്‍ക്കുശേഷം മാനം അല്പം തെളിഞ്ഞ ബുധനാഴ്ചയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി തുടങ്ങിയത്.

കേരളത്തില്‍ മീന്‍ലഭ്യത കുറയുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് സാധാരണ ധാരാളം മീന്‍ എത്താറുണ്ട്. എന്നാല്‍, ഇത്തവണ അതിലും കുറവുണ്ടായി. തമിഴ്‌നാട്ടില്‍ ജൂണ്‍ 15-നാണ് ട്രോളിങ് നിരോധനം അവസാനിച്ചത്. അതു കഴിഞ്ഞ് പ്രതികൂല കാലാവസ്ഥ കാരണം അവിടെയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിട്ടില്ല.
ആന്ധ്രപ്രദേശില്‍ നിന്ന് കുറച്ച് അയല എത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ചുരുക്കുവലയിട്ട് പിടിക്കുന്ന മത്തിയും കുറഞ്ഞ തോതില്‍ വരുന്നുണ്ട്. ഇതോടെയാണ് വില ഉയര്‍ന്നത്. തമിഴ്‌നാട്ടില്‍നിന്ന് പപ്പന്‍സ് (ബാറ്റ്) എന്ന മീനാണ് പിന്നെയെത്തുന്നത്. കിലോഗ്രാമിന് 350 രൂപയാണ് മൊത്തവില്‍പ്പന വില. മുറിച്ചുവില്‍ക്കുന്ന ഈ മീനിന് 550 മുതല്‍ 600 രൂപവരെയാണ് ചില്ലറവില്‍പ്പന വില.

അയക്കൂറ, ആവോലി തുടങ്ങിയ മീനുകള്‍ കിട്ടാനേയില്ല. ശീതീകരിച്ച് സൂക്ഷിച്ചവയാണ് ഇപ്പോള്‍ കിട്ടുന്നതില്‍ കൂടുതലും. ഇതിന് പൊള്ളുന്ന വിലയുമാണ്. ആവോലി കിലോഗ്രാമിന് 700 മുതല്‍ 800 രൂപവരെയാണ് വില. അയക്കൂറ 1300 രൂപയാണ് മൊത്തവില്‍പ്പന വില. ചില്ലറവിപണിയില്‍ 1600 രൂപവരെ നല്‍കേണ്ടിവരും.
ഗുജറാത്തില്‍നിന്ന് തോണിയില്‍ പോയി പിടിക്കുന്ന റെഡ് ഫിഷും വിപണിയിലെത്തുന്നുണ്ട്. 350 മുതല്‍ 400 രൂപയാണ് മൊത്തവില. വിപണിവില 600 രൂപയാണ്. ചെന്നൈയില്‍ നിന്നെത്തുന്ന മുള്ളന്‍ 180 മുതല്‍ 200 രൂപയ്ക്കാണ് മൊത്തവില്‍പ്പന.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *