
Perinthalmanna Radio
Date: 20-07-2025
പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാട്ട് അടുത്തടുത്തുള്ള രണ്ടു കൊടും വളവുകളിലും അപകടങ്ങൾ പതിവായിട്ടും അധികൃതർക്ക് തികഞ്ഞ നിസ്സംഗതയെന്ന് നാട്ടുകാർ.
കുത്തനെയുള്ള കയറ്റിറക്കത്തോടു കൂടിയ കൃഷ്ണപ്പടി വളവും വിളക്കത്ര വളവുമാണ് അപകടക്കെണിയൊരുക്കുന്നത്. ഇതിനകം പത്തോളം പേർക്കാണ് ഇവിടെ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ 2 ദിവസം മുൻപാണ് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്.
എന്നാൽ ഇത്രയും അപകടങ്ങളുണ്ടായിട്ടും ഈ കൊടും വളവിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ സൂചനാ ബോർഡ് പോലും സ്ഥാപിച്ചിച്ചിട്ടില്ല. ഇവിടെ വളവ് നികത്താൻ മുൻപ് പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി അധികൃതർ സർവേ വരെ നടത്തി. വളവ് നികത്തുന്നതിന് ആവശ്യമായ പുറമ്പോക്ക് സ്ഥലം ഇവിടെത്തന്നെയുണ്ട്.
എന്നാൽ ഈ പദ്ധതി ഇപ്പോൾ അധികൃതർ തന്നെ മറന്ന മട്ടാണ്. ദിനേനെയെന്നൊണം നടക്കുന്ന അപകടങ്ങളിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തകരാകുന്നത്. സമീപ വാസികൾ ഏതു നിമിഷവും അപകടമുണ്ടാവാമെന്ന് ആശങ്കയിലാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
