
Perinthalmanna Radio
Date: 20-09-2024
പെരിന്തൽമണ്ണ: സംസ്ഥാന പാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം അനിശ്ചിതമായി നീളുന്നതിനെതിരെ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി സമരത്തിലേക്ക്.
24ന് രാവിലെ 9ന് കട്ടുപ്പാറ പാലം ജംക്ഷനിൽ സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കും.
രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപ്രതിനിധികൾ, ബസുടമകൾ, ജീവനക്കാർ, വ്യാപാരികൾ, ഓട്ടോ – ടാക്സി തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ സമരത്തിൽ പങ്കെടുക്കും. 30ന് അകം ടാറിങ് ആരംഭിച്ചില്ലെങ്കിൽ പ്രവൃത്തി നിർവഹണ വിഭാഗമായ കെഎസ്ടിപിയുടെ കുറ്റിപ്പുറത്തെയും തിരുവനന്തപുരത്തെയും ഓഫിസുകൾക്ക് മുന്നിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
നിർമാണം വൈകുന്നതിനു പ്രധാനകാരണം കരാർ കമ്പനിയാണ്. പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം 2021 ജനുവരി 20ന് ആരംഭിച്ചിരുന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 144 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുവദിച്ചത്.
30.88 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണം തുടങ്ങിയിട്ട് 3 വർഷവും 8 മാസവും കഴിഞ്ഞിട്ടും 50 ശതമാനം പണി പോലും പൂർത്തിയായിട്ടില്ല. 18 മാസമായിരുന്നു കരാർ കാലാവധി. മരാമത്ത് മന്ത്രിയും എംഎൽഎയും ഇടപെട്ടിട്ടും കമ്പനി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
റോഡ് തകർച്ച കാരണം പെരിന്തൽമണ്ണയിലെ ആശുപത്രികളിലേക്ക് രോഗികളെ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കുന്നില്ല.
ഇതുവഴി യാത്ര ചെയ്യേണ്ടി വന്ന യുവതിയുടെ ഗർഭം അലസിയ സംഭവംവരെയുണ്ടായി. ഓട്ടോ, ടാക്സികൾക്കും ബസുകൾക്കും ഉണ്ടായ കേടുപാടുകൾക്ക് കണക്കില്ല.
നിർമാണം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയ കരാർ കമ്പനിയെ ഒഴിവാക്കാൻ സർക്കാർ നോട്ടിസ് നൽകിയെങ്കിലും കോടതിയിൽ ചോദ്യം ചെയ്ത് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
വിധി ജനങ്ങളെ വെല്ലുവിളിക്കാനുള്ള ലൈസൻസ് ആയി കണ്ടാൽ നേരിടുമെന്ന് സമരസമിതി ചെയർമാൻ നജീബ് കാന്തപുരം എംഎൽഎ, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹൻ, സമരസമിതി ജനറൽ കൺവീനർ ഷാജി കട്ടുപ്പാറ, ട്രഷറർ അസീസ് ഏർബാദ് എന്നിവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
