
Perinthalmanna Radio
Date: 20-09-2024
മലപ്പുറം: ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 92,424 റേഷൻ കാർഡുകളിലായി 2,067,466 ഗുണഭോക്താക്കള്‍. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും. 50,442 അന്ത്യോദയ അന്നയോജന (എ.എ.വൈ – മഞ്ഞ) കാർഡുകളിലായി 2,07,670 ഗുണഭോക്താക്കളുണ്ട്. 4,19,82 പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി.എച്ച്.എച്ച് – പിങ്ക്) കാർഡുകളിലായി 18,59,796 പേരുമുണ്ട്. മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കില്‍ റേഷൻ വിഹിതം വെട്ടിക്കുറക്കുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒക്ടോബർ മൂന്ന് മുതല്‍ എട്ട് വരെ ആണ് ജില്ലയില്‍ മസ്റ്ററിംഗ് നടക്കുക. മസ്റ്ററിംഗിന്റെ ആദ്യഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മൂന്നാംഘട്ടത്തിലാണ് മലപ്പുറം ഉള്‍പ്പെട്ടിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളില്‍ ഇത്രയധികം ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതുണ്ട് എന്നതിനാല്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനാണ് ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരുടെ നീക്കം.
തിരക്ക് ഒഴിവാക്കാൻ വാർഡ് തലത്തില്‍ പ്രത്യേകം ക്യാമ്ബുകള്‍ നടത്താനും ആലോചനയുണ്ട്. സ്‌കൂള്‍, അംഗൻവാടി തുടങ്ങിയ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ വാർഡ് അടിസ്ഥാനത്തില്‍ മസ്റ്ററിംഗ് കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന ആവശ്യം തദ്ദേശ ഭരണ സമിതികള്‍ ഉന്നയിച്ചിട്ടുണ്ട്. റേഷൻ കടകളില്‍ വെച്ച് തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കാനാവുമെന്നാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിലയിരുത്തല്‍. അതേ സമയം മസ്റ്ററിംഗ് റേഷൻ കടകളില്‍ മാത്രം ഒതുക്കിയാല്‍ റേഷൻ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക റേഷൻ വ്യാപാരികള്‍ക്കുണ്ട്.
മഞ്ഞ, പിങ്ക് റേഷൻ കാർഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും ഇ- പോസ് മെഷീൻ മുഖാന്തിരം അവരുടെ ആധാർ അപ്‌ഡേഷൻ നടത്തണം. അംഗങ്ങള്‍ ആധാറുമായി നേരിട്ടെത്തി ഇ- പോസ് മെഷീനില്‍ വിരലുകള്‍ പതിപ്പിക്കണം. കഴിഞ്ഞ മാർച്ചിലാണ് റേഷൻ കാർഡ് മസ്റ്ററിംഗ് ജില്ലയില്‍ നിറുത്തിവച്ചത്. ആളുകള്‍ കൂട്ടത്തോടെ മസ്റ്ററിംഗിന് എത്തിയതോടെ സെർവർ പലതവണ തകരാറിലായി. കുടുംബമായി എത്തിയവർ മണിക്കൂറുകളോളം മസ്റ്ററിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്നു. എന്നിട്ടും പലർക്കും മസ്റ്ററിംഗ് പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടിവന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെ തകരാറുകള്‍ പരിഹരിക്കാൻ നാഷണല്‍ ഇൻഫൊർമാറ്റിക് സെന്ററിനും (എൻ.ഐ.സി) ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി മസ്റ്ററിംഗ് നീട്ടുവെച്ചു. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെങ്കില്‍ ഭക്ഷ്യധാന്യത്തിലും സർക്കാർ സബ്സിഡിയിലും കുറവ് വരുത്തുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പോടെ ഇത്തവണ കടമ്ബകള്‍ കടന്ന് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
