
Perinthalmanna Radio
Date: 20-10-2024
പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്‌റ്റേഷനുകളുടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ ദക്ഷിണ റെയിൽവേ ടെൻഡർ ക്ഷണിച്ചു. സ്‌റ്റേഷനുകളുടെ നിർമാണത്തോടനുബന്ധിച്ച് വൈദ്യുതീകരണ ട്രാക്‌ഷൻ ഡിസ്‌ട്രിബ്യൂഷൻ സംവിധാനങ്ങൾ (ഒഎച്ച്ഇ) ഏർപ്പെടുത്താനാണ് പാലക്കാട് സീനിയർ ഡിവിഷനൽ ഇലക്‌ട്രിക്കൽ എൻജിനീയർ ടെൻഡർ ക്ഷണിച്ചത്.
2.08 കോടി രൂപയാണ് 2 പദ്ധതികൾക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇവയുടെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കണം. അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയ്‌ക്കാണ് മേലാറ്റൂരിലെ ക്രോസിങ് സ്‌റ്റേഷൻ. ഷൊർണൂർ, അങ്ങാടിപ്പുറം ക്രോസിങ് സ്‌റ്റേഷനുകൾക്കിടയിലാണ് കുലുക്കല്ലൂരിലെ പുതിയ ക്രോസിങ് സ്‌റ്റേഷൻ. കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്‌റ്റേഷനുകളുടെ നിർമാണത്തിന് ഇതിനകം തന്നെ റെയിൽവേ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ആദ്യ ഓഗസ്‌റ്റ് 28ന് ടെൻഡർ ക്ഷണിക്കുകയും പിന്നീട് സാങ്കേതിക കാരണങ്ങളാൽ അത് പുതുക്കി റീടെൻഡർ നടത്തുകയും ചെയ്‌തിരുന്നു. 24 വരെയാണ് ഇതിനുള്ള ടെൻഡർ സ്വീകരിക്കുക. കുലുക്കല്ലൂരിൽ 9.01 കോടി രൂപയും മേലാറ്റൂരിൽ 8.04 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്ന ചെലവ്. നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
65 കിലോമീറ്റർ ദൂരമുള്ള പാതയിൽ നിലവിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ക്രോസിങ് സ്‌റ്റേഷനുള്ളത്. സിംഗിൾലൈൻ പാതയായതിനാൽ നിലവിൽ വാണിയമ്പലത്തുനിന്നോ ഷൊർണൂരിൽനിന്നോ പുറപ്പെടുന്ന ട്രെയിനുകൾക്ക് 27 കിലോമീറ്റർ പിന്നിട്ട ശേഷമേ പരസ്‌പരം കടന്നുപോകാനാവൂ. ഇതിന്റെ ഭാഗമായി ട്രെയിനുകൾ മിക്കപ്പോഴും കൂടുതൽ സമയം പിടിച്ചിടേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. പുതിയ ക്രോസിങ് സ്‌റ്റേഷനുകൾ യാഥാർഥ്യമായാൽ ഇവിടങ്ങളിൽ നിന്നെല്ലാം ട്രെയിനുകൾക്ക് പരസ്‌പരം കടന്നുപോകാനാവും. ഇത് പാതയിലെ ട്രെയിൻ ഗതാഗതം സുഗമമാക്കുന്നതിനൊപ്പം കൂടുതൽ ട്രെയിനുകൾക്കുള്ള സാധ്യതയുമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
