
Perinthalmanna Radio
Date: 20-10-2025
മങ്കട: മങ്കട മേലെ ജങ്ഷനിൽ ജലവിതരണപൈപ്പിടാൻ റോഡ് കീറുന്നത് നിത്യസംഭവമാവുന്നു. ശനിയാഴ്ച പൈപ്പുലൈൻ ശരിയാക്കി റോഡ് ടാർ ചെയ്തത് പിറ്റേദിവസംതന്നെ തകർന്നത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് വീണ്ടും റോഡ് കീറി പൈപ്പുലൈൻ കൂടുതൽ സുരക്ഷിതമായി റോഡിനരികിലേക്ക് മാറ്റിസ്ഥാപിച്ചത്.
കഴിഞ്ഞദിവസം സ്ഥാപിച്ച പൈപ്പിന് മുകളിലൂടെ വാഹനം കയറി അമർന്ന് വീണ്ടും പൈപ്പ് പൊട്ടിയതാണ് വീണ്ടും റോഡ് തകരാൻ കാരണം. ഇപ്പോൾ വീണ്ടും മെയിൻ റോഡിന്റെ ഓരത്തോട് ചേർന്ന് ചാല് കീറി ഇരുമ്പുപൈപ്പ് സ്ഥാപിച്ച് കണക്ഷൻ നൽകുകയാണ് ചെയ്തിട്ടുള്ളത്.
ഇപ്പോഴത്തെ പ്രവൃത്തി ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും ഇനിയും തകരാർ വന്നാൽ പ്രശ്നം ജല അതോറിറ്റിയെ അറിയിച്ച് ശാശ്വതപരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗർ അലി പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
