
Perinthalmanna Radio
Date: 20-10-2025
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ നഗരത്തില്‍ പട്ടാമ്പി റോഡിലെ നാല് കടകളില്‍ മോഷണം. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫെഡറല്‍ ബാങ്കിന് സമീപം പട്ടാമ്പി റോഡിന്‍റെ ഇരു ഭാഗത്തുള്ള മെഡിക്കല്‍ ഷോപ്പ്, ബേക്കറി, ഫാൻസി, ഫ്രെയിംവർക്ക് കടകളിലാണ് മോഷണം നടന്നിട്ടുള്ളത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 5000 രൂപ നഷ്ടപ്പെട്ടു. കുന്നപ്പള്ളി പള്ളിപ്പുറത്ത് അബൂബക്കർ, കൊളക്കട ഉണ്ണീൻകുട്ടി എന്നിവരുടെ ഉടമയിലുള്ള റോയല്‍ മെഡിക്കല്‍സിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിത്.
പുളിക്കാവ് പള്ളത്തൊടി മൊയ്തീൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള പിഎംഎച്ച് ബേക്കറിയിലും മോഷണം നടന്നു. ഇവിടെയും പൂട്ട് തകർത്താണ് മോഷ്ടാവ് കടയില്‍ കയറിയത്. ബേക്കറിയിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടു. കട്ടുപ്പാറ ചെമ്മല ആഷിക്കിന്‍റെ അലങ്കാർ ഫ്രെയിം ഷോപ്പിലും മോഷ്ടാവ് കയറി മേശവലിപ്പ് പരിശോധിച്ചിട്ടുണ്ട്.
പുളിങ്കാവ് പള്ളത്തൊടി മുഹമ്മദ് ഷാഫിയുടെ ഷോപ്പി കളക്ഷൻ ഫാൻസി കടയുടെ ഷട്ടർ കമ്പിപ്പാര കൊണ്ടുയർത്തി മുൻഭാഗത്തെ കട്ടിയുള്ള ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് കടയില്‍ കയറിയത്. കന്പിപ്പാരയും മറ്റൊരു ഇരുന്പ് ആയുധവും കടയുടെ മുന്നില്‍ നിന്ന് കണ്ടെടുത്തു. ഗ്ലാസ് പൊട്ടിച്ചതില്‍ 15000 ത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചു.
പിഎംഎച്ച് ബേക്കറിയിലെ ജീവനക്കാരന്‍റെ ബൈക്ക് കടക്ക് സമീപം വച്ചിരുന്നു. ഈ ബൈക്കുമായാണ് കള്ളൻ കടന്നുകളഞ്ഞത്. പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം തുടങ്ങി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
