പത്രിക സമർപ്പണത്തിന് മുമ്പേ സ്ഥാനാർഥികളുടെ ആദ്യഘട്ടം പ്രചാരണം

Share to


Perinthalmanna Radio
Date: 20-11-2025

പെരിന്തൽമണ്ണ: പത്രിക സമർപ്പണം വെള്ളിയാഴ്ച മുന്നോടെ പൂർത്തിയാവുമെന്നിരി ക്കെ സ്ഥാനാർഥികളുടെ ആദ്യഘട്ട പര്യടനം പൂർത്തിയായി. അവസാന ഘട്ടത്തിലാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയായത്. മുന്നണി സംവിധാനത്തിൽ സീറ്റു ധാരണക്ക് പുറമെ ചെറു കക്ഷികളുമായുളള നീക്കു പോക്കുകൾ വരെ കഴിയാൻ ഏറെ സമയമെടുത്തു. ഏഴു ദിവസമാണ് പത്രിക സമർപ്പണത്തിന് അനുവദിച്ചത്. പെരിന്തൽമണ്ണ നഗരസഭയിൽ 37 വാർഡുകളിലേക്ക് ഇടതു മുന്നണി സ്ഥാനാർഥികൾ ബുധനാഴ്‌ച രാവിലെ 11 മുതൽ പത്രിക നൽകി. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥികൾ ഇന്ന് (വ്യാഴാഴ്‌ച) പത്രിക നൽകും.

അങ്ങാടിപ്പുറത്ത് ചൊവ്വാഴ്‌ച ഇടതു മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും പ്രകടനമായി എത്തി പത്രിക നൽകി. വ്യാഴാഴ്‌ചയാണ് ഇവിടെയും യു.ഡി.എഫ് പത്രിക സമർപ്പണം. അങ്ങാടിപ്പുറത്ത് സ്ഥാനാർഥി പ്രഖ്യാപനം യു.ഡി.എഫ് കൺവെൻഷൻ മാതൃകയിലാണ് നടത്തിയത്. ഏലംകുളത്തും ആലിപ്പറമ്പും എൽ.ഡി.എഫ് പത്രിക നൽകി. രണ്ടിടത്തും യു.ഡി.എഫ് വ്യാഴാഴ്‌ച നൽകും. പരമാവധി പരിശോധന പൂർത്തിയാക്കി അപാകതകൾ ഒഴിവാക്കിയാണ് റിട്ടേണിങ് ഓഫിസർമാർ പത്രിക വാങ്ങുന്നത്. സെക്രട്ടറിയടക്കം ഉദ്യോഗസ്ഥരുടെ പാനലാണ് ഇത് നിർവഹിക്കുന്നത്. മുന്നണികൾക്ക് നേരത്തേ സമയം നൽകി തിരക്ക് ഒഴിവാക്കുകയാണ്. 22 മുതൽ സൂക്ഷമ പരിശോധനയാണ്. സ്ഥാനാർഥികൾ വാർഡുകളിൽ ഒരു റൗണ്ട് സന്ദർശനം പൂർത്തിയാക്കി. വീടുകയറിയുള്ള വോട്ടു തേടൽ വലിയ ആൾ കൂട്ടമില്ലാതെയാണ് ഇപ്പോൾ. പ്രത്യക്ഷ പ്രചാരണത്തേക്കാൾ സ്ഥാനാർഥികൾ സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തുന്ന തെരഞ്ഞെടുപ്പു കൂടിയാണ് ഇത്. നേരത്തേതന്നെ സ്ഥാനർഥിത്വം ഉറപ്പായവർ ഒരു തവണ വാർഡിൽ മുഴുവൻ വീടുകളും സന്ദർശിച്ച ശേഷമാണ് പത്രിക നൽകിയത്. ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന മലബാർ മേഖലയിൽ ഒമ്പതു വരെയാണ് പ്രചാരണത്തിന് സാവകാശം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *