Perinthalmanna Radio
Date: 20-12-2024
മലപ്പുറം: അരീക്കോട്– മഞ്ചേരി വഴിയുള്ള കെഎസ്ആർടിസിയുടെ പുതിയ സർവീസുകൾ നിർത്തലാക്കിയത് ക്രിസ്മസ് അവധിക്കാലത്ത് ഇരുട്ടടിയാകും. യാത്രാകൂട്ടായ്മകളുടെയും മറ്റും ഇടപെടലിനെ തുടർന്ന് അടുത്ത കാലത്ത് ആരംഭിച്ച സർവീസുകളടക്കമാണ് നിർത്തലാക്കുന്നത്.
വടകര ഡിപ്പോയിൽനിന്ന് ഒരു മാസം മുൻപ് ആരംഭിച്ച പാലക്കാട് സർവീസ്, തിരിച്ച് വടകരയിലേക്കള്ള സർവീസ്, വടകരയിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെട്ട് മേലാറ്റൂർ വഴിയുള്ള പാലക്കാട് സർവീസ്, തിരിച്ച് പെരിന്തൽമണ്ണ വഴി വടകരയിലേക്കുള്ള സർവീസ് എന്നിവയാണു നിർത്തിയത്. ഇവയുടെ വരുമാനം വർധിപ്പിക്കുന്നതിനായി യാത്രാ കൂട്ടായ്മകൾ വാട്സാപ് ഗ്രൂപ്പ് പോലും ആരംഭിച്ചിരുന്നു.
ഇതിനു പുറമേ കൊട്ടാരക്കരയിൽനിന്ന് പെരിന്തൽമണ്ണ–മഞ്ചേരി–അരീക്കോട് വഴിയുള്ള ബത്തേരി സൂപ്പർ ഡീലക്സ് മറ്റൊരു റൂട്ടിൽ ഓടാനായി റദ്ദാക്കിയതും ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടായി. 2 പൊന്നാനി–മഞ്ചേരി പകൽ സർവീസുകൾ ഇപ്പോൾ ഓടിക്കുന്നുമില്ല.
കിലോമീറ്ററിന് 35 രൂപ വരുമാനം ലഭിക്കാത്ത സർവീസുകൾ നിർത്തലാക്കാനുള്ള കെഎസ്ആർടിസിയുടെ പുതിയ പരിഷ്കാരമാണ് ഇവയ്ക്ക് തടസ്സമെന്ന് യാത്രക്കാരുടെ കൂട്ടായ്മ പറയുന്നു. എന്നാൽ പുതുതായി തുടങ്ങിയ സർവീസുകൾ ജനപ്രിയമായിത്തുടങ്ങും മുൻപേയും യാത്രക്കാർക്ക് ഏറ്റവും ആവശ്യമുള്ള സമയത്തും പിൻവലിച്ചത് ഉചിതമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇവ എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് കെഎസ്ആർടിസി അരീക്കോട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളായ കെ.അനീസ്, ജനാർദനൻ, ബാസിത് തോട്ടുമുക്കം, അമൽജിത്ത് സണ്ണി, മുനവ്വിർ എന്നിവർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ