
Perinthalmanna Radio
Date: 20-12-2025
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു.
1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നുവന്നു. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സത്യൻ അന്തിക്കാട്, കമൽ എന്നിവരുമായി ചേർന്ന് ഒരുപാട് ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കി. പിന്നീട് സിനിമയുടെ വിവിധ മേഖലകളിൽ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കൈവെച്ച മേഖലകളിലെല്ലാം സമാനതകളില്ലാത്ത കലാസൃഷ്ടികൾ മലയാളിക്ക് സമ്മാനിച്ചു.
സന്മസുളളവർക്ക് സമാധാനം, ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അഴകിയ രാവണൻ, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ഉദയനാണ് താരം, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, മഴയെത്തും മുമ്പേ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.
1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.
വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
