
Perinthalmanna Radio
Date: 30-10-2022
പെരിന്തൽമണ്ണ: എക്‌സൈസിന്റെ പെരിന്തൽമണ്ണ റേഞ്ച് ഓഫീസിലെ കാർഷെഡിലുണ്ടായ തീപ്പിടിത്തത്തിൽ എക്‌സൈസ് ജീപ്പും തൊണ്ടിവാഹനങ്ങളും ഉൾപ്പെടെ 12 വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ഓഫീസ് കെട്ടിടത്തിന്റെ പിൻഭാഗത്താണ് സംഭവം. തൊട്ടടുത്ത് സബ്ജയിൽ, എക്‌സൈസ് സർക്കിൾ ഓഫീസ്, സബ്ട്രഷറി തുടങ്ങിയവയുടെ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നതിനിടയിലുള്ള സ്ഥലത്താണ് തീപിടിച്ചത്.
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ എക്‌സൈസ് ഓഫീസർ ടി.കെ. രാജേഷിന്റെ സമയോചിത ഇടപെടലിലൂടെ അധികംവൈകാതെ അഗ്നിരക്ഷാസേന എത്തിയതിനാൽ മറ്റിടങ്ങളിലേക്ക് തീപടരാതെ തടയാനായി.
റേഞ്ച് ഓഫീസിന്റെ ജീപ്പ്, സ്‌കൂട്ടർ, തൊണ്ടിവാഹനങ്ങളായ രണ്ട് ബൈക്കുകൾ, ഏഴ് സ്‌കൂട്ടറുകൾ, ഓട്ടോറിക്ഷ എന്നിവയാണ് പൂർണമായും കത്തിയത്. 20 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. എക്‌സൈസ് അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ താജുദ്ദീൻകുട്ടി, നജീബ് കാന്തപുരം എം. എൽ.എ., ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വൈകിട്ടോടെ മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് സംഘവും പരിശോധന നടത്തി.
തീപ്പിടിത്തത്തിനു കാരണം ജീപ്പിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആകാമെന്നു സംശയം. ജീപ്പിന്റെ ഇടത് പിൻചക്രവും സ്റ്റെപ്പിനിയും പൂർണമായി കത്തിയിട്ടില്ലെന്നതിനാൽ മുൻവശത്തുനിന്നാണ് തീയുണ്ടായതെന്നാണു കരുതുന്നത്. ഷെഡിലെ വെളിച്ചത്തിന് സ്ഥാപിച്ച ട്യൂബ്‌ലൈറ്റിന്റെ കണക്‌ഷൻ ആണ് ഇവിടേക്കുണ്ടായിരുന്ന വൈദ്യുതിബന്ധം. ഷോർട്ട് സർക്യൂട്ടുണ്ടായി തീ ചെറിയ പൊട്ടലിൽ തൊട്ടപ്പുറത്തേക്ക് വ്യാപിച്ചതാകാമെന്നും സംശയിക്കുന്നു. മറ്റാരെങ്കിലും കത്തിച്ചതാണോയെന്നത് അടക്കമുള്ള കാര്യങ്ങൾ ഫൊറൻസിക് പരിശോധനയിലും വിശദമായ അന്വേഷണത്തിലൂടെയുമേ വ്യക്തമാകൂ.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടവും വാഹനങ്ങളടക്കമുള്ള തൊണ്ടിസാധനങ്ങളുടെ ബാഹുല്യവും സ്ഥലപരിമിതിയാൽ വീർപ്പുമുട്ടിക്കുന്ന എക്‌സൈസ് ഓഫീസിലുണ്ടായ തീപ്പിടിത്തം മറ്റിടങ്ങളിലേക്കു പടർന്നിരുന്നെങ്കിൽ ഇതിലും വലിയ അപകടങ്ങളിലേക്കെത്തുമായിരുന്നു.
തീപ്പിടിത്തമുണ്ടായതിനോട് തൊട്ടടുത്തുള്ള മുറിയിലാണ് വേഗം തീപിടിക്കുന്ന മദ്യവും മറ്റും സൂക്ഷിച്ചിരുന്നത്. ഇവിടേക്ക് തീപടർന്നാൽ പഴയകാലത്തെ ഓടുമേഞ്ഞ കെട്ടിടം അഗ്നിക്കിരയാകാൻ അധികനേരം വേണ്ടിവരില്ലായിരുന്നു. ചുറ്റുവട്ടത്താകെ നിർത്തിയിട്ടിരിക്കുന്ന നൂറിലേറെ തൊണ്ടിവാഹനങ്ങളുമുണ്ടായിരുന്നു. കൂടാതെ ഒരു മതിൽ അപ്പുറത്താണ് സബ്ജയിൽ. വലിയ മതിലുണ്ടായതിനാൽ അന്തേവാസികൾക്കും മറ്റും പ്രശ്‌നമുണ്ടായില്ല. ഇതിനപ്പുറം വ്യാപാര സമുച്ചയവും കടമുറികളുമുണ്ട്. പെട്ടെന്ന് തീയണയ്ക്കാനായത് വലിയ ആശ്വാസമായി.
