ബൈപ്പാസുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബഹുജന പ്രക്ഷോഭം

Share to

Perinthalmanna Radio
Date: 30 -10-2022

അങ്ങാടിപ്പുറം: ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്, ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്, മക്കരപ്പറമ്പ് ബൈപ്പാസ്, മങ്കട സി.എച്ച്.സി., അങ്ങാടിപ്പുറം- വളാഞ്ചേരി എന്നീ പാതകളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബഹുജന പ്രക്ഷോഭം.

മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത്് നടന്ന സമരപരിപാടികൾ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. ഉദ്ഘാടനംചെയ്തു. രാവിലെ പത്തിന് ആരംഭിച്ച സമരം വൈകുന്നേരം ആറിനാണ് സമാപിച്ചത്. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ മൊയ്തു അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. സമാപനസംഗമം ഉദ്ഘാടനംചെയ്തു. എം.എൽ.എ.മാരായ കെ.പി.എ. മജീദ്, പി. അബ്ദുൽഹമീദ്, നജീബ് കാന്തപുരം, പി. ഉബൈദുള്ള, നേതാക്കളായ വി. ബാബുരാജ്, ഉമ്മർ അറയ്ക്കൽ, കുന്നത്ത് മുഹമ്മദ്, അഡ്വ. കുഞ്ഞാലി, പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങൾ, ബസ് ഓണേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ, രാഷ്ടീയ-സംഘടനാ നേതാക്കൾ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കാളികളായി.

Share to