
Perinthalmanna Radio
Date: 21-01-2024
മലപ്പുറം: മഞ്ഞും കടുത്ത ചൂടും ഇടകലർന്നുള്ള കാലാവസ്ഥയിൽ ജില്ലയിൽ ജലദോഷവും പനിയും വ്യാപകം. ആദ്യം ജലദോഷത്തോടെ തുടങ്ങി പനിയിൽ ചെന്നെത്തുന്ന സ്ഥിതിയാണ്. കടുത്ത ജലദോഷവും തൊണ്ടവേദനയും കഫക്കെട്ടും ആയാണ് മിക്കവരും ചികിത്സ തേടുന്നത്. അസുഖം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം മാത്രമാണ് പനി നിലനിൽക്കുന്നതെങ്കിൽ ജലദോഷവും കഫക്കെട്ടും നീളുന്നതാണ് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ഒരുദിവസം ശരാശരി 1,500 പേർ പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ഡിസംബറിൽ പ്രതിദിന കണക്ക് ആയിരത്തിൽ താഴെയായിരുന്നു. ഒരാഴ്ചക്കിടെ 9,040 പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. രോഗം വരാൻ സാദ്ധ്യതയുള്ളവരും രോഗികളും മാസ്ക് ധരിക്കുന്നത് രോഗം പകരാതിരിക്കാനുള്ള നല്ല മാർഗ്ഗമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ 127 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വഴിക്കടവ്, കരുളായി, വാഴക്കാട്, ചുങ്കത്തറ, ചാലിയാർ, പോരൂർ, ചേലേമ്പ്ര, അരീക്കോട്, കാവന്നൂർ, തൃക്കലങ്ങോട്, ആനക്കയം, മഞ്ചേരി, ഓമാനൂർ, മമ്പാട്, കീഴുപറമ്പ്, അമരമ്പലം, കാവന്നൂർ, നെടിയിരുപ്പ്, കൊണ്ടോട്ടി, കുഴിമണ്ണ, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ മലയോര മേഖലകളിലാണ് ഡെങ്കി വിടാതെ പടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ഡെങ്കി കൊതുകുകൾ പെരുകാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. പരിസര ശുചീകരണത്തിനൊപ്പം എവിടെയും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പേകുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 10ന് ആലിപ്പറമ്പിൽ 49കാരി എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. ഡിസംബർ 28ന് പാങ്ങിൽ 58കാരനും മരിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
