
Perinthalmanna Radio
Date: 21-01-2024
അങ്ങാടിപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനവും തൊഴില്‍ പരിശീലനവും ലക്ഷ്യമിട്ട് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ബഡ്സ് സ്കൂളുകളിൽ ഒന്നായ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ പരിയാപുരത്ത് നിര്‍മിക്കുന്ന ബഡ്സ് സ്കൂളിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. മൂന്നര കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ബഡ്സ് സ്കൂളില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള സൗകര്യമൊരുക്കും. മൂന്നു നിലകളിലായി പണിയുന്ന സ്കൂളിന്‍റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.
പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മെന്പര്‍ അനില്‍ പുലിപ്രയുടെ ശ്രമഫലമായി പരിയാപുരം സ്വദേശി ബാബു വര്‍ഗീസ് 40 ലക്ഷം രൂപ വിലമതിക്കുന്ന 20 സെന്‍റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയതോടെയാണ് പദ്ധതിക്ക് ചിറകു മുളച്ചത്. ഗ്രാമപഞ്ചായത്തിന്‍റെ 55 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20 ലക്ഷവും ചേര്‍ത്തു 75 ലക്ഷം രൂപ ചെലവഴിച്ച് ബഡ്സ് സ്കൂള്‍ നിര്‍മിക്കുന്നത്.
മൂന്നു നിലകളിലായി പണിയുന്ന ബഡ്സ് സ്കൂളിന്‍റെ താഴത്തെ നിലയില്‍ കളിസ്ഥലവും ഡൈനിംഗ് ഹാളും ഒന്നാം നിലയില്‍ ക്ലാസ് റൂമുകളും രണ്ടാം നിലയില്‍ ഫിസിയോതെറാപ്പി സെന്‍ററും സ്വയംതൊഴില്‍ പരിശീലന കേന്ദ്രവുമാണ് സജ്ജീകരിക്കുന്നത്. റാംപ്, ലിഫ്റ്റ് എന്നീ സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കും.
പരിയാപുരം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ബഡ്സ് സ്കൂളിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് മുന്‍ കൈയെടുത്ത പഞ്ചായത്ത് ഭരണസമിതി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായാല്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ 30 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്നു അനുവദിക്കുമെന്നും എംഎല്‍എ പറഞ്ഞു.
സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ബാബു വര്‍ഗീസ്, സ്ഥലം ലഭ്യമാക്കാന്‍ പരിശ്രമിച്ച വാര്‍ഡ് മെന്പര്‍ അനില്‍ പുലിപ്ര, പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നേതൃത്വം നല്‍കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഈദ, വൈസ് പ്രസിഡന്‍റ് ഷബീര്‍ കറുമുക്കില്‍ എന്നിവരെയും എംഎല്‍എ അഭിനന്ദനമറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
