
Perinthalmanna Radio
Date: 21-01-2025
പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കുപകരം സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണവകുപ്പ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ പൂർത്തിയാക്കി.
കേന്ദ്ര പൊതുവിതരണ മാർഗനിർദേശപ്രകാരമാണ് നടപടി. അരിയടക്കമുള്ള റേഷൻ സാധനങ്ങൾക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. പിന്നാക്കവിഭാഗം കാർഡുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.
സംസ്ഥാനത്തെ 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. മണ്ണാർക്കാട്, നിലമ്പൂർ, കോഴഞ്ചേരി, ചാലക്കുടി, മാനന്തവാടി, കുട്ടനാട്, കോതമംഗലം, ദേവികുളം, ഇരിട്ടി, മഞ്ചേശ്വരം, പത്തനാപുരം, കാഞ്ഞിരപ്പള്ളി, താമരശ്ശേരി, നെടുമങ്ങാട് താലൂക്കുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. എന്നാൽ ഇത് സംസ്ഥാനത്തെ റേഷൻസമ്പ്രദായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
മഹാരാഷ്ട്ര, അസം, ആന്ധ്രാപ്രദേശ്, ഹരിയാണ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ പോണ്ടിച്ചേരി, ചണ്ഡീഗഢ്, ദാദ്രാനഗർ ഹവേലി എന്നിവിടങ്ങളിലും ഡി.ബി.ടി. സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയിൽ തുടക്കത്തിൽ അരിക്ക് കിലോഗ്രാമിന് 22 രൂപയും ഗോതമ്പിന് 16 രൂപയുമാണ് ഗുണഭോക്താക്കൾക്ക് നൽകിയിരുന്നത്. പാചകവാതകവിതരണ മേഖലയിലടക്കം മുമ്പ് ഇത് നടപ്പാക്കിയിട്ടുണ്ട്. ഒരുകിലോ അരി പൊതുവിതരണ സമ്പ്രദായത്തിൽ ഗുണഭോക്താവിലേക്ക് എത്തിക്കുന്നതിന് 99.70രൂപ സർക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
