
Perinthalmanna Radio
Date: 21-01-2026
കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ(41) ആത്മഹത്യയിലാണ് ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
ഒളിവിൽ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്വകാര്യവാഹനത്തിൽ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉടൻതന്നെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയേക്കും.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യവാഹനത്തിൽ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യനീക്കങ്ങളിൽ സംശയമുണ്ടെന്നും ഇവർ പ്രതികരിച്ചു.
കഴിഞ്ഞദിവസം പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവിൽ പോയിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഞായറാഴ്ചയാണ് ദീപക്ക് ജീവനൊടുക്കിയത്. യുവതിയുടെപേരിൽ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതിനൽകിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. യുവതി മനഃപൂർവം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
