വേസ്റ്റ് വണ്ടർ പാർക്കുകളുമായി പെരിന്തൽമണ്ണ നഗരസഭ

Share to

Perinthalmanna Radio
Date: 21-02-2025

പെരിന്തൽമണ്ണ: നഗര സൗന്ദര്യവൽക്കരണത്തിലൂടെ മാലിന്യ നിർമാർജനത്തിന് പുത്തൻ പദ്ധതികളുമായി പെരിന്തൽമണ്ണ നഗരസഭ. മാർച്ച് 31 ന് അകം നഗരസഭ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഏറെ ശ്രദ്ധേയമായ നഗരസഭാ ഓഫിസ് പരിസരത്തെ താമരാക്ഷൻ പിള്ള ബസ് സർക്കിളും, സൗന്ദര്യവൽക്കരണത്തിലൂടെ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട പൊന്ന്യാകുർശിയിലെ ആൽമരവും വേസ്റ്റ് വണ്ടർ പാർക്കുകളാക്കി മാറ്റും. ഉപയോഗ ശൂന്യമായ വസ്‌തുക്കൾ ഉപയോഗിച്ച് ഇവിടെ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമൊരുക്കും.

പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മാലിന്യ നിർമാർജനം സംബന്ധിച്ച് ബോധവൽക്കരണം നൽകും. ചെറിയ പ്ലാസ്‌റ്റിക് തുണ്ടുകൾ പോലും പൊതുസ്ഥലത്ത് വീഴുന്നത് തടയും. 500 മീറ്റർ ദുരപരിധിയിൽ സ്‌റ്റൈൻലസ് സ്റ്റീൽ ഇരട്ടബിന്നുകൾ സ്ഥാപിക്കും. നഗരസൗന്ദര്യവൽക്കരണം ത്വരിതപ്പെടുത്തുന്ന സന്ദേശങ്ങളുമായി ചെടിച്ചട്ടികളും ബോർഡുകളും സ്ഥാപിക്കും. സർക്കാർ ഓഫിസുകളിൽ ജൈമാലിന്യ സംസ്‌കരണം പൂർണമാക്കുന്നതിന് റിങ് കംപോസ്‌റ്റുകൾ സജ്ജമാക്കും. വിദ്യാർഥികളിൽ മാലിന്യ സംസ്‌കരണത്തിന്റെ ബോധമുണർത്താൻ ഉപയോഗിച്ചു തീർന്ന പേനകൾ വലിച്ചെറിയാതെ സംഭരിക്കാൻ പെൻബൂത്തുകളൊരുക്കും. പേപ്പറുകൾ വലിച്ചെറിയാതിരിക്കാൻ കലക്‌ക്ഷൻ ബിന്നുകൾ സ്ഥാപിക്കും.

മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ വൻ നഗരങ്ങളോട് മത്സരിക്കുന്നതിനുള്ള ഗാർബേജ് ഫ്രീ സിറ്റി(ജിഎഫ്‌സി) സ്‌റ്റാർ റേറ്റിങ് മത്സരത്തിൽ പെരിന്തൽമണ്ണ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്.

ഇതിന്റെ കൂടി ഭാഗമായാണ് നടപടികൾ. സ്ഥലലഭ്യതയുള്ള എല്ലാ സ്കൂളുകളിലും തുമ്പൂർമൊഴി മോഡൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കും. അതേ സമയം മാലിന്യം വലിച്ചെറിയലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണം. നിയമ ലംഘനങ്ങൾക്ക് കേരളാ മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം 1000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും. ഹരിതകർമ സേനാംഗങ്ങൾക്ക് മാലിന്യം കൈമാറാത്തവർക്കെതിരെയും നടപടിയുണ്ടാവും. 50 ശതമാനം വരെ അധിക പിഴ ഈടാക്കും.

മാലിന്യ നിർമാർജന പരിശോധനകൾക്കായി ആരോഗ്യ വകുപ്പിന് പ്രത്യേക രൂപകൽപന ചെയ്‌ത എൻഫോഴ്‌സ്മെന്റ് വാഹനം അടുത്ത ദിവസം എത്തും. നഗരസഭാ കൗൺസിലിന്റെ പിന്തുണയോടെ ജനകീയ കൂട്ടായ്മയിൽ നഗരസഭാധ്യക്ഷൻ പി.ഷാജി, സെക്രട്ടറി ജി.മിത്രൻ, എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് സി.കെ.വത്സൻ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *