
Perinthalmanna Radio
Date: 21-02-2025
തൂത: അലമാരയിൽ വെറുതേ കിടന്നിരുന്ന വിവാഹ വസ്ത്രങ്ങൾ കൊണ്ട് ആയിരം കുടുംബങ്ങളിൽ പുഞ്ചിരി വിരിയിച്ച നാസർ തൂത ഡ്രസ് ബാങ്ക് അഞ്ചാം വയസ്സിലേക്ക്. 5 വർഷം പൂർത്തിയാകുമ്പോൾ പദ്ധതി മുന്നോട്ടുവയ്ക്കുന്ന നന്മയുടെ പ്രകാശം കേരളം കടന്നു ഇതര സംസ്ഥാനങ്ങളിലുമെത്തിയിരിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും മറ്റും ഡ്രസ് ബാങ്കിലേക്കെത്തുന്ന വിവാഹ വസ്ത്രങ്ങളടങ്ങിയ പാഴ്സലുകൾ ‘അതിർത്തി കടന്ന’ സ്വീകാര്യതയുടെ സാക്ഷ്യപത്രമാണ്. 22നു നടക്കുന്ന വാർഷികാഘോഷത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
ലോകം കോവിഡ് ഭീതിയിലമർന്ന 2020ലാണു നാസർ തൂതയെന്ന മുൻ പ്രവാസിയുടെ മനസ്സിൽ ഡ്രസ് ബാങ്കെന്ന ആശയം ഉടലെടുത്തത്. വിവാഹ ദിവസം മാലാഖമാരെപ്പോലെ അണിഞ്ഞൊരുങ്ങുകയെന്ന സ്വപ്നം സാമ്പത്തിക പ്രയാസത്തിന്റെ പേരിൽ ഒരു പെൺകുട്ടിക്കും നിഷേധിക്കപ്പെടരുതെന്ന വലിയ ലക്ഷ്യമായിരുന്നു മനസ്സിൽ. വിവാഹ ദിവസം മാത്രം ഉപയോഗിച്ചു അലമാരയിൽ വെച്ചിരിക്കുന്ന വസ്ത്രങ്ങൾ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കായി ഉപയോഗപ്പെടുത്തുകയെന്ന ചിന്ത സമൂഹ മാധ്യമങ്ങൾ വഴി ആശയം പങ്കുവച്ചപ്പോൾ നല്ല പ്രതികരണം. പിന്നീട് വിവാഹ വസ്ത്രങ്ങൾ ഒഴുകിയെത്തിത്തുടങ്ങി. ആദ്യം വീട്ടിൽ തന്നെയായിരുന്നു വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. ഇപ്പോൾ തൂത അങ്ങാടിയിൽ നാസർ തൂത ഡ്രസ് ബാങ്ക് എന്ന പേരിൽ ടെക്സ്റ്റൈൽസ് ഷോപ്പ് തന്നെയുണ്ട്. സാധാരണ കടയിൽ നിന്നെന്ന പോലെ വിവാഹ വസ്ത്രം തിരഞ്ഞെടുക്കാം. മടക്കി നൽകേണ്ടതില്ല. എല്ലാം തീർത്തും സൗജന്യം. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർക്കു കുറിയർ ചെയ്തു നൽകാനും സംവിധാനമുണ്ട്.
മനസ്സിൽ നന്മയുള്ള മനുഷ്യരാണു പദ്ധതി വിജയിപ്പിച്ചതെന്നു നാസർ പറയുന്നു. കൊടുക്കാൻ മനസ്സുള്ളവരുടെയും ആവശ്യക്കാരുടെയും ഇടയിലെ പാലം മാത്രമാണു താൻ. അഞ്ചു വർഷം കൊണ്ട് 1,004 കുടുംബങ്ങളാണു വിവാഹ വസ്ത്രം തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വിവാഹ വസ്ത്രങ്ങൾ പലരും അയച്ചു കൊടുക്കുന്നു. സാരിയും ലെഹങ്കയും മുതൽ പല സ്റ്റൈലിലുള്ള വസ്ത്രങ്ങൾ ബാങ്കിൽ ലഭ്യമാണ്. 5,000 മുതൽ 50,000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾ ബാങ്കിലുണ്ട്. ഇഷ്ടപ്പെട്ട വിവാഹ വസ്ത്രം ലഭിച്ചതിന്റെ സന്തോഷം ഓരോ പെൺകുട്ടിയുടെയും മുഖത്ത് വിരിയുന്നതു കാണുന്നതു തന്നെയാണു നാസറിന്റെ വലിയ ആഹ്ലാദം. കാഴ്ചയില്ലാത്ത വധൂവരന്മാർ ഒന്നിച്ചെത്തി വിവാഹ വസ്ത്രം തിരഞ്ഞെടുത്തതാണു മനസ്സിൽ നിന്നു മായാത്ത അനുഭവം. അകക്കണ്ണിലെ വെളിച്ചം കൊണ്ട് അവർ ആശയ വിനിമയം നടത്തുന്നതു കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയെന്നു നാസർ പറയുന്നു.
നാളെ വൈകിട്ട് 5.30 നു നടക്കുന്ന അഞ്ചാം വാർഷികാഘോഷത്തിൽ എംപിമാർ, എംഎൽഎമാർ, നടൻ ധർമജൻ ബോൾഗാട്ടി, നടി അനു മോൾ തുടങ്ങിയവർ പങ്കെടുക്കും. കാലിക്കറ്റ് ജുമൈലത്ത് ടീമിന്റെ മെഗാ ഒപ്പനയും അരങ്ങേറും. നിങ്ങളുടെ അലമാരയിൽ മടക്കിവച്ചിരിക്കുന്ന വിവാഹ വസ്ത്രം മറ്റൊരു മണവാട്ടിക്കു കൂടി പ്രയോജനപ്പെടട്ടെയെന്ന ചിന്ത നിങ്ങൾക്കുണ്ടോ? സ്വപ്നത്തിലെ വിവാഹ വസ്ത്രമണിയാൻ അറിയുന്ന ആർക്കെങ്കിലും പണം തടസ്സമാകുന്നുണ്ടോ. വിളിക്കൂ 9747338823.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
