
Perinthalmanna Radio
Date: 21-03-2025
പെരിന്തൽമണ്ണ: കടയടച്ചു സ്‌കൂട്ടറിൽ പോവുകയായിരുന്ന സ്വർണ വ്യാപാരിക്ക് നേരെ മുളകു പൊടിയെറിഞ്ഞ് കവർച്ചയ്‌ക്ക് ശ്രമിച്ച അക്രമികൾ കടത്തിക്കൊണ്ടു പോയ സ്‌കൂട്ടർ കണ്ടെത്തി. ടൗണിലെ സ്വർണ വ്യാപാരിയായ ഉമാജി സുരേഷ് സൂര്യവംശിയുടെ സ്‌കൂട്ടറാണ് ഇന്നലെ കോഴിക്കോട് റോഡിലെ വിസ്മയ തിയേറ്ററിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂട്ടറിൽ സ്വർണമോ മറ്റു വിലകൂടിയ വസ്‌തുക്കളോ ഇല്ലെന്ന് ഉറപ്പാക്കിയതോടെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കവർച്ചശ്രമം നടന്ന സ്ഥലത്തുനിന്ന് 2 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം കണ്ടെത്തിയ സ്ഥലം.
ടൗൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് വാഹനം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഇന്നലെ പെരിന്തൽമണ്ണയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ചൊവ്വാഴ്‌ച രാത്രി 10.45നു കോഴിക്കോട് റോഡിലെ ആയിഷ കോംപ്ലക്‌സിന് സമീപം കാവുങ്ങൽ പറമ്പ് റോഡിലെ എസ്‌കെ ഗാർഡൻസസിലെ വ്യാപാരിയുടെ വീടിന് സമീപം വച്ചായിരുന്നു ആക്രമണം. അമിതവേഗത്തിൽ സ്കൂട്ടറിൽ മുഖം മറച്ചെത്തിയ മൂന്നു പേരടങ്ങിയ സംഘം സ്‌കൂട്ടർ തടയുകയായിരുന്നു.
അക്രമികളിലൊരാൾ കണ്ണിലേക്ക് മുളക് പൊടിയെറിഞ്ഞതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ സ്‌കൂട്ടറുമായി സംഘം കടന്നു കളഞ്ഞു. സമീപത്തെ ചില സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തത് തിരിച്ചടിയായി. സംഭവം നടന്ന സ്ഥലത്തിനടുത്തും മറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും പുറത്തെ ദൃശ്യങ്ങൾ പകർത്തുന്ന സിസിടിവി ക്യാമറകളിലേറെയും പ്രവർത്തനക്ഷമമല്ലാത്തതും പ്രതിസന്ധിയായി.
സ്വർണ വ്യാപാരിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും പ്രതികളെ കണ്ടെത്തണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
