കൊടും വേനലിലും മുങ്ങിമരണം; ഇക്കൊല്ലം പൊലിഞ്ഞത് 14 ജീവനുകൾ

Share to

Perinthalmanna Radio
Date: 21-04-2024

മലപ്പുറം: വേനൽക്കാലത്ത് ജലാശയങ്ങൾ വറ്റുമ്പോഴും മുങ്ങിമരിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. ജില്ലയിൽ ഇക്കൊല്ലം മാത്രം 14 പേർ മുങ്ങിമരിച്ചെന്നാണ് അഗ്്നിരക്ഷാസേനയുടെ കണക്കുകൾ. വ്യാഴാഴ്ച ഊരകത്ത് സഹോദരിമാരായ രണ്ടുപേർ മരിച്ചിരുന്നു. ജലാശയങ്ങളിലേക്ക് ഉല്ലാസയാത്രക്കെത്തുന്നവരും അപരിചിതമായ സ്ഥലത്തിറങ്ങി അപകടത്തിലാകുന്നവരുമാണ് ഇതിലേറെയും.

നീന്തൽ നന്നായറിയാവുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്. കൂടെയുള്ളവർ മുങ്ങുമ്പോൾ സഹായിക്കാൻ ശ്രമിച്ച് ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്.

നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. ജലാശയങ്ങളിലെ ഫോട്ടോഷൂട്ട്, മദ്യപിച്ച് വെള്ളത്തിലിറങ്ങൽ തുടങ്ങിയവയും ജീവൻ അപഹരിക്കുന്നതിന് വഴിവെക്കുന്നു

മുങ്ങിമരണത്തിന്റെ എണ്ണം കൂടിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും ജലസുരക്ഷാ അവബോധമുണ്ടാക്കാൻ തുടങ്ങിയ പദ്ധതിയാണ് മിടിപ്പ്. സിവിൽ ഡിഫൻസുമായി ചേർന്ന് മലപ്പുറം അഗ്നിരക്ഷാസേന നടത്തുന്നതാണിത്. ജലാശയങ്ങളിൽ വെച്ച് നീന്തലും മറ്റ് പ്രായോഗിക സുരക്ഷാ രീതികളുമാണ് പഠിപ്പിക്കുന്നത്.

കഴിഞ്ഞ നവംബർ 14-ന് തുടങ്ങിയ പദ്ധതിയിലൂടെ ഇതിനകം ആയിരത്തിലധികം കുട്ടികൾ പരിശീലിച്ചു. ജില്ലയിലാകെ 101 പരിശീലകരും അതത് അഗ്നിരക്ഷാസേനാ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ജില്ലയിൽ 2023ൽ മുങ്ങിമരിച്ചത് 127 പേർ. പോലീസിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണിത്. 2021 ജനുവരി മുതൽ 2023 ഡിസംബർ വരെ 375 പേരും മുങ്ങിമരിച്ചു.

ഇതിൽ കൂടുതൽപ്പേരും കുട്ടികളാണ്. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി പ്രദേശങ്ങളിലാണ് കൂടുതൽ മുങ്ങിമരണം ഉണ്ടായത്.

വെള്ളത്തിൽ അപകടത്തിൽപ്പെടുന്നവരെ കണ്ടാൽ മറ്റൊന്നും നോക്കാതെ രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് പലരും. മതിയായ സുരക്ഷയില്ലാത്ത രക്ഷാപ്രവർത്തനവും അപകടമുണ്ടാക്കും.

നീന്താനറിയില്ലെങ്കിൽ വെള്ളത്തിൽ വീണയാളെ കയറിപ്പിടിക്കാതിരിക്കുക, ശാരീരിക-മാനസിക ശക്തിയുണ്ടെങ്കിൽ മാത്രം രക്ഷപ്പെടുത്താൻ ശ്രമിക്കുക, അടിയന്തരഘട്ടത്തിൽ വസ്ത്രങ്ങളോ കയറുകളോ എറിഞ്ഞുകൊടുക്കുക, രക്ഷാപ്രവർത്തനം നടത്തുന്നവർ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുക തുടങ്ങിയവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *