
Perinthalmanna Radio
Date: 21-04-2025
ഊട്ടിയിൽ ഇ പാസ് നിർബന്ധമാക്കിയതോടെ സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകുന്നു. അവധിക്കാലമാരംഭിച്ചതോടെ മൂന്നാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് മാസത്തെ അപേക്ഷിച്ച് സന്ദർശകുടെ എണ്ണം വൻതോതിൽ വർധിച്ചു. അവധിക്കാലം ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയതോടെ ജില്ലയിലെ ടൂറിസം മേഖലയാകെ ഉണർന്നു. മൂന്നാർ ടൗൺ, രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ഫ്ലവർ ഗാർഡൻ…എന്നിവിടങ്ങളിലൊക്കം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്യാപ് റോഡിലൂടെയുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് യാത്രയുടെ എല്ലാ ട്രിപ്പിലും സഞ്ചാരികളുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സഞ്ചാരികളാണ് ബസ് യാത്രയ്ക്കായി കൂടുതലെത്തുന്നതെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ രാജീവ് എൻ ആർ മനോരമ ഓൺലൈനോടു പറഞ്ഞു. ഊട്ടിയിൽ ഇ പാസ് നിർബന്ധമാക്കിയതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സഞ്ചാരികളെ ദുരിതത്തിലാക്കുന്നതായാണ് ഊട്ടി സന്ദർശിച്ചവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നത്. ഊട്ടി സസ്യോദ്യാനത്തിലെ പാർക്കിങ് സ്ഥലങ്ങളിലും ശുചിമുറികളില്ല. ഉദ്യാന റോഡിലെ നടപ്പാതകൾ പാതയോര വ്യാപാരികൾ കയ്യടക്കിയതു കാരണം കാൽനടക്കാർക്കു റോഡിലൂടെ വേണം സഞ്ചരിക്കാൻ. കുടിവെള്ളത്തിനുള്ള വാട്ടർ എടിഎമ്മുകൾ മിക്ക സ്ഥലത്തും പ്രവർത്തിക്കുന്നില്ല. വെള്ള കുപ്പികൾ കണ്ടാൽ ഓടിച്ചിട്ടു പിടികൂടി ഫൈൻ അടപ്പിക്കും. ഊട്ടിയിലെ സഞ്ചാര മേഖലയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന നടപടികളാണ് നടക്കുന്നതെന്ന് സഞ്ചാരികൾ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശം പൂർണമായും ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നുണ്ട്. ഈ –പാസ് ഇല്ലാത്തവരെ ചെക്ക് പോസ്റ്റുകളിൽ നിന്നും മടക്കിയയക്കും. ഇതിനുള്ള ബദൽ സംവിധാനങ്ങൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. കാഴ്ചകൾ കാണാനും ആഘോഷിക്കാനും വരുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നിരാശയാണ് ഉണ്ടാകുന്നത്. ആളുകൾ മൂന്നാറിലേക്ക് ഡെസ്റ്റിനേഷൻ മാറ്റുന്നതു ഇതു കൊണ്ടാവാം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
